22 August, 2024 10:02:59 AM
മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. ഹൈക്കോടതിയിലെ കെഎസ്ആര്‍ടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച് വരുത്തി സിംഗില്‍ ബെഞ്ച് വിശദീകരണം തേടി. പെന്‍ഷന്‍ എന്ത് കൊണ്ട് നല്‍കിയില്ലെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. രണ്ട് ദിവസത്തിനകം പെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കുന്നതില്‍ വീഴ്ച ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറിയെയും, ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ച് വരുത്തുമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കെയാണ് കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ. കേസ് വരുന്ന 29ന് വീണ്ടും പരിഗണിക്കും.