24 August, 2024 08:50:47 PM
സ്‌പെഷൽ സ്‌കൂളുകളെ ചേർത്തു നിർത്തി സർക്കാർ; ഫിറ്റ്‌നസ് സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കും
കോട്ടയം: സ്‌പെഷൽ സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കാൻ നിർദ്ദേശം നൽകി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയം ജില്ലാതദ്ദേശഅദാലത്തിൽ ഏറ്റുമാനൂർ സാൻജോസ് സ്‌പെഷൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സി. അനുപമ നൽകിയ അപേക്ഷ പരിഗണിച്ചാണ് പൊതുഉത്തരവ് നൽകാൻ മന്ത്രി നിർദ്ദേശിച്ചത്. ഇതോടെ സാൻജോസ് സ്‌കൂളിന് ചുമത്തിയ സൂപ്പർവിഷൻ ചാർജ് ഒഴിവാകും. 37/2016/എൽ.എസ്.ജി.ഡി. ഉത്തരവ് പ്രകാരം ഓർഫനേജ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഓർഫനേജുകളെ ഫിറ്റ്‌നസ് സൂപ്പർ വിഷൻ ചാർജിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് കൂടുതൽ കാരുണ്യ സ്ഥാപനങ്ങൾക്ക് ബാധകമാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാകും ഇളവിന് അർഹത. ഇതു സംബന്ധിച്ച വിശദമായ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.1989 മുതൽ ഏറ്റുമാനൂരിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സാൻജോസ് വിദ്യാലയ. 234 കുട്ടികളും 63 ജീവനക്കാരുമുള്ളസ്ഥാപനം കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 2019ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ 12,82,130 രൂപ സൂപ്പർ വിഷൻ ചാർജ് അടയ്ക്കണമെന്ന് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുമ്പിൽ പ്രിൻസിപ്പൽ പരാതിയുമായി എത്തിയത്. പൊതു ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചതോടെ സന്തോഷാശ്രുക്കളോടെയാണ് സിസ്റ്റർ അനുപമ അദാലത്ത് വേദിയിൽ നിന്നു മടങ്ങിയത്. ഇളവായി ലഭിക്കുന്ന തുക കൂടി കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് സിസ്റ്റർ അനുപമ മന്ത്രിയോട് പറഞ്ഞു. സംസ്ഥാനത്താകെയുള്ള അശരണർക്ക് ആനുകൂല്യം ലഭിക്കാൻ തന്റെ പരാതി കാരണമായതിന്റെ സന്തോഷവും സിസ്റ്റർ മന്ത്രിയെ അറിയിച്ചു. ആയിരക്കണക്കിന് സ്ഥാപനങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.