10 September, 2024 09:01:46 AM


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍



കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ് ആണ് ഇന്നു നടക്കുക. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍, റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി, ടി പി നന്ദകുമാര്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി എന്നിവര്‍ നല്‍കിയ ഹര്‍ജികളും പ്രത്യേക ബെഞ്ച് പരിഗണിക്കും.

ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗിക അതിക്രമം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയും പ്രത്യേക ബെഞ്ച് പരിഗണിക്കും.

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുദ്ര വെച്ച കവറില്‍ നല്‍കുന്ന റിപ്പോര്‍ട്ടിനൊപ്പം, സര്‍ക്കാരിന്റെ നിലപാടും അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K