17 October, 2024 11:20:32 AM
സരിൻ പോകരുതെന്ന് ആഗ്രഹിക്കുന്നു, പോകുന്നവർ പോകട്ടെ- സുധാകരൻ
തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ കൈവിട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആര് പോയാലും പാലക്കാട്ടെ ജനവിധിയെ ബാധിക്കില്ലെന്നും താനാണ് സര്‍വവും എന്ന് കരുതിയാല്‍ അത് അപകടമാണെന്നും സുധാകരന്‍ പറഞ്ഞു. സരിന്‍ പോകണമെന്ന് ആര്‍ക്കും ആഗ്രഹമില്ല. അദ്ദേഹത്തിന് പോയേ മതിയാകൂ എങ്കില്‍ നമുക്ക് അദ്ദേഹത്തെ തടുക്കാനാവില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സരിന്റെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധതയുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു സ്വതന്ത്രനായി പി സരിന്‍ മല്‍സരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് സുധാകരന്റെ പ്രതികരണം.
'സരിന്‍ പോകണമെന്ന് ആര്‍ക്കും ആഗ്രഹമില്ല. അദ്ദേഹത്തിന് പോയേ മതിയാകൂ എങ്കില്‍ നമുക്ക് അദ്ദേഹത്തെ തടുക്കാനാവില്ല. രാഷ്ട്രീയമെന്നത് എല്ലാവരുടെയും ബോധ്യത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ചിന്തയെ മാറ്റാന്‍ നമുക്ക് കഴിയില്ല. അദ്ദേഹം വളരെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാളും കഴിവുള്ളയാളുമാണ്. കഴിവുകളെ ഒന്നും കുറച്ചുകാണുന്നില്ല. ആരും അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. എഐസിസിയെ വെല്ലുവിളിച്ച് ഇന്നലെ പത്രസമ്മേളനം നടത്തിയപ്പോള്‍ അതിനകത്ത് അച്ചടക്കലംഘനമുണ്ടോയെന്ന് പരിശോധിക്കുകയാണ് ഇന്ന് ഞങ്ങള്‍.
സരിന്‍ പോയാലും പാലക്കാടെ റിസല്‍ട്ടിനെ ഒന്നും ബാധിക്കില്ല. കെ സുധാകരന്‍ പോയാലും ബാധിക്കില്ല. താനാണ് സര്‍വവും എന്ന് കരുതിപ്പോയാല്‍ അത് അപകടമാണ്. രാഹുല്‍ കോണ്‍ഗ്രസിന്റെ നോമിനായാണ്. ജനാധിപത്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ അഭിപ്രായം പറയാന്‍ ആര്‍ക്കും വിലങ്ങിട്ടില്ല. സിപിഎമ്മിനെയും ബിജെപിയെയും പോലെയല്ല കോണ്‍ഗ്രസ് പാര്‍ട്ടി. ഒരു തെരഞ്ഞെടുപ്പില്‍ എല്ലാവരെയും സ്ഥാനാര്‍ഥികളാക്കാന്‍ പറ്റുമോ?. രാഹുലിനെ വച്ചത് അതിന്റെ പ്രത്യേകത കൊണ്ടാണ്. സരിന്റെ യോഗ്യത കൊണ്ടുതന്നെയാണ് കഴിഞ്ഞവര്‍ഷം സീറ്റ് നല്‍കിയത്'- സുധാകരന്‍ പറഞ്ഞു.