04 May, 2025 11:26:08 AM


കർശന സുരക്ഷയിൽ നീറ്റ് യു.ജി പരീക്ഷ; കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥി പ്രവാഹം



ഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷ നടക്കുന്നത്.  പരീക്ഷ  കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥി പ്രവാഹം.
ഉച്ചയ്ക്ക് 1.30ന് ശേഷം ആരെയും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. 500 നഗരങ്ങളിലെ 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും മൊബൈല്‍ ജാമറുകള്‍, വിദ്യാര്‍ഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാര്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമക്കോടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ:

അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ

ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)

ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K