05 May, 2025 03:01:01 PM


'വരുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല, നേതാക്കള്‍ അച്ചടക്കം കാണിക്കണം'- രാഹുല്‍ മാങ്കൂട്ടത്തില്‍



തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പുനഃസംഘടനയിലെ അനിശ്ചിതത്വം ഒഴിവാക്കണം. അതിന് മുതിര്‍ന്ന നേതാക്കള്‍ ഇടപെടണം. വരാന്‍ പോകുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്, അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

''പുനഃസംഘടന വിഷയത്തില്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് ഒരാളെ നിശ്ചയിക്കുമ്പോള്‍, അതേത് പദവിയിലുമായിക്കോട്ടെ, അവര്‍ക്കറിയാം എപ്പോള്‍ മാറ്റണം മാറ്റണ്ട എന്ന്. അതില്‍ ബാക്കിയുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ. അങ്ങനെ അഭിപ്രായം പറഞ്ഞിട്ടാണോ ആളുകളെ വെക്കുകയും മാറ്റുകയും ചെയ്യുന്നത്. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിന് കൃത്യമായി ബോധ്യമുള്ള പുനഃസംഘടനാ വിഷയത്തിനകത്ത് എല്ലാ ദിവസവും ഇങ്ങനെ വാര്‍ത്തയുണ്ടാക്കുന്നത് അത്ര ആരോഗ്യകരമല്ല. അധികാര സ്ഥാനങ്ങളിലിരിക്കുന്ന ആളുകളേയും ബാധിക്കും. 

വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയിലെ ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പല്ല. സാധാരണ പ്രവര്‍ത്തകന് അധികാര സ്ഥാനങ്ങളിലേയ്ക്ക് വരാനുള്ള തെരഞ്ഞെടുപ്പാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അതില്‍ ഒരുങ്ങേണ്ട പ്രസ്ഥാനം ഇത്തരമൊരു ചര്‍ച്ചകള്‍ക്ക് പിന്നാലെ പോകുന്നത് സാധാരണ പ്രവര്‍ത്തകന്റെ മനോവീര്യം തകര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

''കഴിഞ്ഞൊരു പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കള്‍ കൂടി കാണിക്കുവാന്‍ വളരെ സ്‌നേഹത്തോടു കൂടി അഭ്യര്‍ഥിക്കുകയാണ്. ഏതെങ്കിലുമൊരു ചെറുപ്പക്കാരന്‍ പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കിയോ? പുതിയ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന നിര്‍ബന്ധബുദ്ധി ജനങ്ങള്‍ക്കുണ്ട്. അതിനെ നമ്മള്‍ ഏറ്റെടുക്കണം. അത് ചെയ്യാതിരിക്കുക എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. പേ വിഷബാധയുടെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിന് ശേഷം ഇരുപത് ആളുകള്‍ മരിക്കേണ്ടി വരികയാണ്. ഈ നാട്ടിലുള്ള ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. അതൊക്കെയാണ് ചര്‍ച്ചയാകേണ്ടത്. അതല്ലാതെയുള്ള ഒരു ചര്‍ച്ചയും പാര്‍ട്ടിയുടെ നല്ല ആരോഗ്യത്തിന് ഗുണം ചെയ്യില്ല. 

കേരളത്തില്‍ ഒരു നേതൃമാറ്റം വേണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. പാര്‍ട്ടിക്കകത്ത് പറയാന്‍ സ്‌പെയ്‌സ് ഇല്ലാത്തതുകൊണ്ടല്ല വാര്‍ത്താ സമ്മേളനം നടത്തി പറയുന്നത്. സാധാരണ പ്രവര്‍ത്തകരുടെ മനോവിഷമമാണ് അഡ്രസ് ചെയ്യുന്നത്- രാഹുല്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K