09 May, 2025 10:11:11 AM


തൃശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു



തൃശൂര്‍: തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന്‍റെ മുന്നിൽ വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശിയായ 51 വയസ്സുള്ള സ്വാഭാൻ മണ്ഡൽ ആണ് മരിച്ചത്. 

നിയന്ത്രണം വിട്ട കാറ് സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടയിൽ കുടുങ്ങിയാണ് സൈക്കിൾ യാത്രികൻ മരിച്ചത്. അപകടത്തിൽ കാർ യാത്രികർക്കും പരിക്കേറ്റു.  പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ ( 40), താറമോനി സോറിൻ (18), ഇവരെ കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K