09 May, 2025 07:34:22 PM


ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞു വെച്ചു



കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിരാനായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞ് വെച്ചു. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ കൊണ്ട് പരീക്ഷ എഴുതിക്കാൻ സാധിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന്‍റെ തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്‍റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933