11 May, 2025 08:08:15 AM


ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍



കൊന്നത്തടി (ഇടുക്കി): കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39), മക്കളായ അഭിനന്ദ് (9), അഭിനവ് (4), ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. കത്തിനശിച്ച വീടിന് സമീപം മറ്റ് വീടുകളൊന്നും തന്നെയില്ല. 

ശനിയാഴ്ച വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ച നിലയില്‍ കണ്ടത്. ഇവര്‍ നടത്തി പരിശോധനയില്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വയറിന്റെ ഭാഗത്താണ് പെള്ളലേറ്റിരുന്നത്. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K