12 May, 2025 11:41:34 AM


കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും; ഇന്ദിരാ ഭവനിലെത്തി ചുമതലയേറ്റു



തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.

യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. പുതിയ നേതൃത്വം കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937