15 May, 2025 09:01:19 AM


മലപ്പുറത്ത് വന്യജീവി ആക്രമണം; ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു



മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാൾ പറഞ്ഞു.

റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ അടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സമദ് എന്നയാളാണ് ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേര്‍ക്ക് ചാടി, വലിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും സമദ് പറഞ്ഞു.

നേരത്തെ മുതല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാരന്‍ പറഞ്ഞു. ഇതോടെ പ്രദേശത്തുള്ളവര്‍ ആട് വളര്‍ത്തല്‍ നിര്‍ത്തുന്ന അവസ്ഥയായിരുന്നുവെന്നും പ്രദേശവാസിയായ ഹുസൈന്‍ പറഞ്ഞു.

കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാർഡ് മെമ്പറും പറഞ്ഞു. മൂന്ന് വര്‍ഷമായി കടുവയുണ്ട്. വനമേഖലയുമായി രണ്ട് കിലോമീറ്റര്‍ വ്യത്യാസം ഉണ്ടെന്നും വാര്‍ഡ് മെമ്പര്‍ കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K