06 November, 2025 11:42:38 PM


പ്രശാന്ത് തുടരില്ല; ദേവകുമാര്‍ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്: തീരുമാനം വെള്ളിയാഴ്ച



തിരുവനന്തപുരം ∙ പി.എസ്.പ്രശാന്ത് പ്രസിഡന്‍റായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നീട്ടില്ല. ടി.കെ.ദേവകുമാര്‍ പ്രസിഡന്‍റ് ആയേക്കും. ഹരിപ്പാട് മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. നിലവില്‍ കയര്‍ഫെഡ് പ്രസിഡന്‍റാണ് ദേവകുമാര്‍. നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമതീരുമാനമെടുക്കും. സിപിഐ നോമിനിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ബോര്‍ഡ് അംഗമാകും. 

ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്കു ഹൈക്കോടതി വീണ്ടും വിരല്‍ചൂണ്ടിയതോടെയാണു പിന്‍മാറ്റം. 

2019 ല്‍ സ്വര്‍ണം പൂശിയ, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയനിഴലിലായത്. ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ തുടരാന്‍ അനുവദിച്ചാല്‍ കോടതിയില്‍ നിന്നടക്കം കൂടുതല്‍ തിരിച്ചടിക്കു കാരണമായേക്കും എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഓര്‍ഡിനന്‍സ് പാസാക്കിയാലും കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പിടാതിരുന്നേക്കാം. നിലവിലെ ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്തിന്‍റെയും അംഗം എ.അജികുമാറിന്‍റെയും കാലാവധി ഈമാസം 12 വരെയാണ്. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913