05 February, 2026 01:22:59 PM


ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ റിമാന്‍ഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് തന്ത്രിയുടെ റിമാന്‍ഡ് കൊല്ലം വിജിലന്‍സ് കോടതി നീട്ടിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഓണ്‍ലൈനായിട്ടാണ് തന്ത്രി കണ്ഠരര് രാജീവരെ കോടതിയില്‍ ഹാജരാക്കിയത്. തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി റിമാന്‍ഡ് നീട്ടിയത്.

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഈ മാസം 9 ന് കോടതി വിശദമായ വാദം കേള്‍ക്കും. കട്ടിളപ്പാളി കേസിലും രണ്ടാമത് അറസ്റ്റിലായ ദ്വാരപാലക കേസിലും തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ല, ആചാരപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്, പ്രതികളുമായി നേരിട്ടു ബന്ധമില്ല തുടങ്ങിയ വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ തന്ത്രി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും, സ്വര്‍ണക്കവര്‍ച്ച ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്‌ഐടി ജാമ്യാപേക്ഷയെ എതിര്‍ത്തിട്ടുണ്ട്.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊല്ലം കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഇതോടെ രണ്ടുകേസിലും ജാമ്യം ലഭിച്ച പോറ്റി ഉടന്‍ പുറത്തിറങ്ങിയേക്കും. കേസില്‍ മുരാരി ബാബു, സുധീഷ് കുമാര്‍, ശ്രീകുമാര്‍ എന്നീ പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920