07 November, 2025 06:43:13 PM


യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസ്, ''നടി ലക്ഷ്മി മേനോനെതിരെ പരാതിയില്ല''; കേസ് റദ്ദാക്കി ഹൈക്കോടതി



കൊച്ചി: നടി ലക്ഷ്മി ആർ മേനോൻ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.

ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഐ ടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്‌ലാൻഡ്‌ യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.

പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദ്ദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ ഇറങ്ങിയശേഷമാണ് യുവാവിനെ വെടിമറയിൽ എത്തിച്ച് മർദ്ദിച്ചത്.

ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കിയാണ് നോർത്ത് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനാൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930