21 November, 2025 06:04:48 PM


പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റും വഴി തെറ്റുമോ? അഴിമതി ആരോപണ വിധേയനെ സെക്രട്ടറിയാക്കാൻ നീക്കം



കോട്ടയം : ഏറ്റുമാനൂരിൽ ആന തട്ടിപ്പിന് ഒത്താശ ചെയ്ത ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറെ പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പഴ്സണൽ സെക്രട്ടറിയാക്കാൻ നീക്കം. സിപിഎം അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ്‌ കോൺഫെഡറേഷനാണ് ശുപാർശ നൽകിയത്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഉത്സവത്തിന് അന്ന് അവിടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന അരവിന്ദ് എസ് ജി നായർ എന്ന ഈ ഉദ്യോഗസ്ഥനും സ്പെഷ്യൽ ഓഫിസർ ആയെത്തിയ മുരാരി ബാബുവും ആണ് നേതൃത്വം നൽകിയത്. ഈ ഉദ്യോഗസ്ഥന് പിന്നീട് തിരുവനന്തപുരത്തേക്ക് പ്രമോഷനോടെ സ്ഥലംമാറ്റം ലഭിച്ചു.

ആനകൾക്ക് 15,000 രൂപ വീതം മാത്രമേ ദേവസ്വം ബോർഡ് ഏക്കം (വാടക) നൽകുകയുള്ളുവെന്നിരിക്കെ ആന ഒന്നിന് 1.48 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടാണ് ഏറ്റുമാനൂർ ദേവസ്വം റിപ്പോർട്ട് നൽകിയത്. പത്ത് ദിവസം നീളുന്ന ഉത്സവത്തിനിടെ 58 ആനകളെ എഴുന്നള്ളിക്കാനാണ് വനം വകുപ്പിൻ്റെ അനുമതി ലഭിച്ചത്. എന്നാൽ 62 ആനകളെയാണ് ഇവിടെ എഴുന്നുള്ളിച്ചത്. ദേവസ്വം കണക്ക് അനുസരിച്ച് 58 ആനകൾക്ക് 8,70,000 രൂപയാണ് ആകെ ഏക്കം വരേണ്ടത്. 62 ആനകളായാൽ കൂടി അത് 9,30,000 രൂപയിൽ ഒതുങ്ങണം. 

കഴിഞ്ഞ വർഷം ഉപദേശക സമിതിയെ മാറ്റി നിർത്തി ദേവസ്വം നേരിട്ടാണ് ഉത്സവം നടത്തിയത്. ഉത്സവ ചെലവിന് അഡ്വാൻസായി ബോർഡ് 25 ലക്ഷം രൂപയും അനുവദിച്ചു. ഭക്തജനങ്ങളിൽ പിരിവെടുക്കാൻ 30 ലക്ഷം രൂപയുടെ കൂപ്പണുകളും സീൽ ചെയ്ത് നൽകി. ഇതിൽ 20 ലക്ഷം രൂപയുടെ കൂപ്പൺ മാത്രമേ ചെലവായുള്ളൂ എന്നാണ് ബോർഡിന് നൽകിയ കണക്ക്. ഉത്സവത്തിന് മുൻകൂറായി അനുവദിച്ച തുക കൂടി ചേർത്ത് ആനകൾക്ക് അഡ്വാൻസ് നൽകിയെന്നും പറയുന്നു. ഗുരുവായൂർ ദേവസ്വത്തിൽ നിന്ന്  3 ആനകളെയാണ് വാടകയ്ക്ക് എടുത്തത്. ബാക്കി സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകളായിരുന്നു. ഒരു ആനയ്ക്ക് തന്നെ പല സ്പോൺസർമാരിൽ നിന്നും പിരിച്ചെടുത്ത തുകയുടെ കൃത്യമായ വിവരങ്ങളും മറച്ചു വെച്ചു. സ്വകാര്യ ഉടമകളുടെ ആനകളിൽ നല്ലൊരു ഭാഗവും ഏക്കതുക കുറച്ചോ സൗജന്യമായോ ആണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്താറുള്ളത്.

ആനകൾക്ക് സ്പോൺസർഷിപ്പിലൂടെ 26 ലക്ഷം മാത്രമേ കിട്ടിയുള്ളൂവെന്നും ഉത്സവത്തിന് രണ്ട് കോടിയോളം രൂപ ചിലവായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും എല്ലാം തന്നെ വഴിപാടായോ സ്പോൺസർഷിപ്പിലോ ആണ് നടന്നിട്ടുള്ളത്. ഇത് ഉത്സവനോട്ടി സിൽ നിന്നും വ്യക്തവുമാണ്. ഇത്തരം കാര്യങ്ങൾ മറച്ചുവെച്ചാണ് രണ്ട് കോടിയോളം ചെലവായി എന്ന റിപ്പോർട്ട് ദേവസ്വം ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഈ റിപ്പോർട്ട് ഇപ്പോൾ ഫിനാൻസ് വിഭാഗത്തിൻ്റെ പരിഗണനയിൽ ആണെന്നാണ് അറിയുന്നത്. വൻ തട്ടിപ്പിന് കളമൊരുക്കി കൊണ്ട് ഈ റിപ്പോർട്ടിന് പിന്നിൽ പ്രവർത്തിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇപ്പോൾ ഹെഡ് ഓഫീസിലുള്ളത്  തുക പാസാക്കിയെടുക്കാൻ സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307