21 November, 2025 10:57:16 PM


ഉത്സവനടത്തിപ്പില്‍ ഉപദേശകസമിതി സഹകരിച്ചില്ല - ഏറ്റുമാനൂര്‍ ക്ഷേത്രം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍



ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവനടത്തിപ്പില്‍ ഉപദേശകസമിതിയെ ഒരിക്കലും നോക്കുകുത്തിയാക്കിയിട്ടില്ലെന്ന് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. ആനയെ ബുക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ഉപദേശകസമിതിയ്ക്കു കൂടിയാണെന്നിരിക്കെ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഉത്സവത്തിന്‍റെ ഒരു ഘട്ടത്തിലും ഇവര്‍ തന്നോട് സഹകരിച്ചിട്ടില്ല എന്നതാണ് വാസ്തവമെന്ന് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ് ജി നായര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.


പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പേഴ്സണല്‍ സെക്രട്ടറിയായി തന്നെ നിയമിക്കാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് എസ് ജി നായര്‍. ഇത്തരമൊരു നീക്കത്തെകുറിച്ച് തനിക്ക് അറിവില്ലെന്നും പ്രസിഡന്‍റിന്‍റെ പേഴ്സണല്‍ സെക്രട്ടറിയായി ബോര്‍ഡ് ഓഫീസിലെ അസിസ്റ്റന്‍റ് സെക്രട്ടറി ജി ബിനുവിനെ നിയമിച്ച് ഉത്തരവിറങ്ങിയിട്ടുണ്ടെന്നും അരവിന്ദ് പറഞ്ഞു. പേഴ്സണല്‍ സെക്രട്ടറിയ്ക്ക് പുറമെ ഒരു ക്ലര്‍ക്കിനെയും മൂന്ന് പ്യൂണിനെയും രണ്ട് ഡ്രൈവറെയും ശബരിമലയില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും നിയമിച്ചിട്ടുണ്ട്.


ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകള്‍ക്കും ഡിപ്പാർട്ട്മെന്‍റ് ആന ഉള്ള പക്ഷം ആനയെ കൊണ്ടുവരുന്നതിന്‍റെയും തിരികെ കൊണ്ടുപോകുന്നതിന്‍റെയും ചെലവുകൾ ക്ഷേത്ര ഉപദേശകസമിതി വഹിക്കണമെന്നും ഡിപ്പാർട്ട്മെന്‍റ് ആന ഇല്ലാത്ത പക്ഷം കൂലി ആനയെ പ്രോഗ്രാം ചെയ്യേണ്ടത് ഉപദേശകസമിതിയുടെ പൂർണ്ണചെലവിലും ഉത്തരവാദിത്വത്തിലും ആയിരിക്കണമെന്നും 2024 മെയ് 10ന് ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഉപദേശകസമിതി സഹകരിക്കാതെ വന്നതിനാലാണ് ആനയെ ബുക്ക് ചെയ്യുന്നതിലും മറ്റും താന്‍ നേരിട്ട് ഇടപെട്ടതെന്ന് അരവിന്ദ് പറഞ്ഞു.


READ MORE: പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെയും വഴി തെറ്റിക്കുമോ? അഴിമതി ആരോപിക്കപ്പെട്ടയാളെ സെക്രട്ടറിയാക്കാന്‍ നീക്കം


2025 തിരുവുത്സവത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഒരു ആനയെ പോലും ലഭിച്ചില്ല. അതിനാല്‍ അത്രയും ആനകളെ വാടകക്ക് എടുത്തു. കൂലി ആനയെയോ മറ്റ് ആനകളെയോ ലഭിക്കാതെ എഴുന്നള്ളിപ്പ് മുടങ്ങുന്ന സാഹചര്യത്തിൽ തന്ത്രിമാരിൽ നിന്നും അനുവാദം വാങ്ങി ഭഗവാന്‍റെ വാഹനം, തിടമ്പ്, രഥം, തേര് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് എഴുന്നള്ളിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നിട്ടും ഉത്സവത്തിന്‍റെ പൊലിമ നഷ്ടപ്പെടാതിരിക്കാനാണ് കൂടിയ വാടകയ്ക്കാണെങ്കിലും താന്‍ ആനകളെ വാടകയ്ക്ക് എടുത്തതെന്ന് അരവിന്ദ് പറയുന്നു.   ദേവസ്വം ഒരു ആനയ്ക്ക് അനുവദിച്ചിരിക്കുന്ന ഏക്കം 15,000 രൂപയാണ്.


അതേസമയം, "ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നേരിട്ട് നടത്തുന്ന ഉത്സവമാണ്" എന്നാണ് അരവിന്ദ് തന്‍റെ ഫേസ് ബുക്ക് പേജില്‍ സൂചിപ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഉപദേശകസമിതി ഉത്സവകാര്യങ്ങളില്‍ എങ്ങിനെ നേതൃത്വം ഏറ്റെടുക്കും എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. ഉത്സവനടത്തിപ്പില്‍ തങ്ങള്‍ സഹകരിച്ചില്ല എന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കുറ്റപ്പെടുത്തല്‍ തനിക്കുനേരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപെടാനാണെന്നാണ് മുന്‍ ഉപദേശകസമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നത്.


ഏറ്റുമാനൂർ  ഉത്സവം മൂലം  വര്‍ഷങ്ങളായി ചിലർക്ക് ലഭിച്ചു വന്ന വരുമാനം നിർത്തിച്ചതാണ് ഇപ്പോൾ ഉയരുന്ന വാർത്തകൾക്ക് പിന്നിലെന്നാണ് അരവിന്ദിന്‍റെ കുറ്റപ്പെടുത്തല്‍. ആനകളുടെ കാര്യത്തില്‍ രസീത് സഹിതം വ്യക്തമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്നും അരവിന്ദ് പറയുന്നു. കലാപരിപാടികള്‍ എല്ലാം സ്പോണ്‍സര്‍ഷിപ്പ് ആയിരുന്നുവെന്നും പറയുന്നു. അങ്ങിനെയെങ്കില്‍, ഉത്സവചെലവ് രണ്ട് കോടിയിലധികം വന്നതെങ്ങിനെ എന്ന ഭക്തജനങ്ങളുടെ സംശയം ബാക്കി നില്‍ക്കുകയാണ്.


READ MORE: പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെയും വഴി തെറ്റിക്കുമോ? അഴിമതി ആരോപിക്കപ്പെട്ടയാളെ സെക്രട്ടറിയാക്കാന്‍ നീക്കം


ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം വര്‍ഷങ്ങളായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നേരിട്ടാണ് നടത്തുന്നതെന്നും ഉപദേശകസമിതിയ്ക്ക് ഇവിടെ കാര്യമായ റോളില്ലെന്നും മുന്‍ ഉപദേശകസമിതി അംഗങ്ങളും വ്യക്തമാക്കുന്നു. ഇത് ശരിവെക്കുകയാണ് അരവിന്ദ് എസ് ജി നായരുടെ ഫേസ് ബുക്ക് പോസ്റ്റ്. ക്ഷേത്രത്തിലെ ഉത്സവനടത്തിപ്പില്‍ മുന്‍വര്‍ഷങ്ങളില്‍ നടന്ന അഴിമതി ആരോപണങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ നേര്‍ക്ക് മാത്രം നീളുന്നത് ഇതിന്‍റെ തെളിവാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഉത്സവനടത്തിപ്പില്‍ വന്‍ക്രമക്കേട് കാട്ടിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ജോലിയില്‍നിന്നും പിരിച്ചുവിട്ട സംഭവം വരെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിട്ടുണ്ട്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K