15 December, 2025 10:03:10 AM


ജയിലിനുള്ളില്‍ മകന് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍



മൈസുരു: ജയിലിനുള്ളില്‍ കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് പിടിയിലായത്. മൈസുരു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന് നല്‍കാനായി കാര്‍ബണ്‍ പേപ്പറില്‍ പായ്ക്ക് ചെയ്ത് ജീന്‍സിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് ദമ്പതികളില്‍ നിന്ന് മാണ്ഡി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്.

എന്‍ഡിപിഎസ് ആക്ട്, ജയില്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ജയില്‍ ചീഫ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന പ്രകാരം, ഉമേഷ് ഭാര്യ രൂപ എന്നിവര്‍ ഡിസംബര്‍ 12-ന് അവരുടെ മകനും വിചാരണത്തടവുകാരനുമായ ആകാശിനെ കാണാനും വസ്ത്രങ്ങള്‍ നല്‍കാനും ജയിലിലെത്തി. ജയില്‍ പ്രവേശന കവാടത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കെഎസ്‌ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ജീന്‍സിനുള്ളില്‍ നിറച്ച നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.

കഞ്ചാവ് കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മധു എന്ന് പറയുന്ന ആളുടെ മകന്‍ സുരേഷ് എം ആണ് ഈ വസ്തുക്കള്‍ ജയിലിനുള്ളില്‍ എത്തിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് രൂപ പറഞ്ഞു. സുരേഷ് ആകാശിന്റെ സുഹൃത്താണ്. തുടര്‍ന്ന് സുരേഷിനെയും മാണ്ഡി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എവിടെ നിന്ന് കിട്ടിയെന്നതടക്കം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K