27 January, 2026 11:20:18 AM


ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഈ മാസം 24 നാണ് പ്രശാന്തിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയത്. എസ്‌ഐടി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെ പ്രശാന്തിന്റെ മൊഴിയും ശേഖരിച്ചിരുന്നു. പിന്നീട് ചില രേഖകളുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാല്‍ അതു മാറ്റിവെയ്ക്കുകയായിരുന്നു. 1998 മുതല്‍ 2025 വരെയുള്ള കാര്യങ്ങളും കൂടി വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പി എസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് വീണ്ടും ദ്വാരപാലക ശില്‍പ്പം പുറത്തു കൊണ്ടുപോയി തട്ടിപ്പിന് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ?, ഇക്കാലയളവിലും ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926