30 January, 2026 06:46:35 PM


മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണവും ചരിത്ര പ്രദർശനവും ആരംഭിച്ചു



കോട്ടയം: കൊച്ചിൻ ബിനാലെ 2025-26ന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വൈക്കത്ത് വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച ചരിത്ര പ്രദർശനങ്ങൾ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനംചെയ്തു.

മഹാത്മാഗാന്ധിയുടെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളും ചരിത്രവും പ്രദർശനത്തിലൂടെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി ആറുവരെയാണ് പ്രദർശനം.അൻവർ അലിയുടെ 'ഗാന്ധി തൊടൽമാല' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും എക്സിബിഷന്റെ ഭാഗമായി നടന്നു.

വൈക്കം നഗരസഭാ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന  എസ്. പാർവതി, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു, മ്യൂസിയം സൗഹൃദ സമിതി അംഗങ്ങളായ എം.കെ. രവീന്ദ്രൻ, എം.ഡി. ബാബുരാജ്, കെ.സി. ദീപ, എഫ്. ജോൺ, സിൽവി തോമസ്, എസ്. സുഖേഷ്, ആല ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം പ്രതിനിധി മനു ജോസ് എന്നിവർ പങ്കെടുത്തു.
സമാപനസമ്മേളനം ഫെബ്രുവരി 6നു രാവിലെ 10.30ന് രജിസ്ട്രേഷൻ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303