03 February, 2026 04:16:02 PM
ഇന്നലെ ചാനലിൽ ഇരുന്നതു പോലെ എൻ്റെ മുന്നിലിരുന്ന് സംസാരിക്കാൻ ധൈര്യമുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് ഷഹനാസ്

കോഴിക്കോട്: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച് കോൺഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോൺ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു. അഭിമുഖം എടുത്ത 24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുൽ ഉയർത്തിയ കാര്യങ്ങളിൽ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു.
ചാനലിൽ ഇരുന്നത് പോലെ തനിക്ക് മുൻപിൽ വന്നിരിക്കാൻ രാഹുലിന് ധൈര്യമുണ്ടോ എന്നും ഷഹനാസ് വെല്ലുവിളിച്ചു. വീട്ടിൽ പോയി രാഹുലിനെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളയാളാണ് താൻ. പലതരത്തിൽ താൻ സമൂഹത്തിൽ സജീവമായിരിക്കുന്നയാളാണ്. എല്ലാ കോഴികൾക്കുമെതിരെ സ്ത്രീകൾക്ക് പരാതിയുമായി നീങ്ങാൻ കഴിയില്ല. രാഹുലിന്റെ ഒപ്പം ഒരു സെൽഫി പോലും തന്റെ കയ്യിൽ ഇല്ല എന്നും ഷഹനാസ് പറഞ്ഞു. ഓരോ സ്ത്രീയെയോയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണം എന്നറിയുന്ന ഒരു പീഡനവീരനാണ് രാഹുൽ എന്നും ഷഹനാസ് ആഞ്ഞടിച്ചു.
"ചാനലിന് പണം നൽകിയാണ് ഇൻ്റർവ്യൂ നൽകിയത്. ഇൻ്റർവ്യൂവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറേ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്," എം.എ. ഷഹനാസ് പറഞ്ഞു.
"രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്. എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും ഞാൻ തയ്യാറാണ്. രാഹുലിന് ധൈര്യമുണ്ടോ ഫോൺ കാണിക്കാൻ? നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ," ഷഹനാസ് വെല്ലുവിളിച്ചു.







