29 July, 2026 10:16:50 AM


വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്



തിരുവനന്തപുരം: കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ രാത്രിയാണ് കേസെടുത്തത്.

പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. 'ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും' എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറയുന്നുണ്ട്.

ടി ജി മോഹന്‍ദാസിനെതിരെ കേസെടുക്കാത്തതില്‍ ആഭ്യന്തര മന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പരാതിയില്‍ കേസെടുത്തിട്ടും കോണ്‍ഗ്രസ് ഭാരവാഹികള്‍ നല്‍കിയ പരാതി പരിഗണിച്ചില്ലെന്നും പൊലീസിലെ ഒരു വിഭാഗത്തിന്റെ ഇരട്ടത്താപ്പ് ആഭ്യന്തര വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നുമായിരുന്നു ആരോപണം. ടി ജി മോഹന്‍ദാസിനെതിരായ പരാതിയില്‍ അന്വേഷണത്തിന് മാത്രമാണ് നിര്‍ദേശം നല്‍കിയിരുന്നത്. സൈബല്‍ സെല്‍ ഐജി പി പ്രകാശിനാണ് അന്വേഷണ ചുമതല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942