04 February, 2026 11:33:30 AM


പ്രസവാവധി സ്ത്രീയുടെ അവകാശം, മറ്റ് അവധികളെ പോലെ കണക്കാക്കരുത്- ഹൈക്കോടതി



കൊച്ചി: പ്രസവാവധിയെ മറ്റ് അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടററായിരുന്നു ഹർജിക്കാരി. എംബിബിഎസിനും എംഡിക്കും ശേഷം ഇവർ എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന കോഴ്‌സിന് ചേർന്നതിന് പിന്നാലെ 184 ദിവസം പ്രസവാവധിയിൽ പ്രവേശിച്ചിരുന്നു. പിന്നീട് രക്താർബുദത്തിനും ചികിത്സ തേടി. ഇതോടെ അവധി ഒരു വർഷത്തിലധികമായി. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ല എന്നതാണ് പിന്തുടർന്ന് വരുന്ന ചട്ടം. പ്രസവാവധിയും മറ്റ് ചില അവധികളും ചേർത്ത് 207 ദിവസം അവധിയെടുത്തതിന് പുറമേ, രക്താർബുധത്തിന്റെ ചികിത്സയ്ക്കായി 195 ദിവസം അധികമായി അവധി വേണ്ടി വന്നു.

2026 മാർച്ചിൽ ട്രെയിനിങ്ങിൽ തിരികെ പ്രവേശിക്കണ്ട യുവതിക്ക് പക്ഷേ അനുവദനീയമായ അവധിക്ക് പുറമേ 37 അധികദിവം കൂടി അവധിയെടുക്കേണ്ട സാഹചര്യമുള്ളതിനാൽ പഠനം തുടരാനാകില്ലെന്ന് സ്ഥിതി വന്നു. അവധിയുമായി ബന്ധപ്പെട്ട് യുവതി നൽകിയ അപേക്ഷയും ഒരു വർഷം പിന്നിടുമെന്ന കാരണത്താൽ അധികൃതർ തള്ളി. ഈ അവധി അപേക്ഷ അനുവദിച്ചാൽ യുവതിയെടുക്കുന്ന അവധി ദിനങ്ങളുടെ എണ്ണം 402ദിവസമാകുമായിരുന്നു. ഇത് കോഴ്‌സിൽ നിന്നും യുവതി പുറത്താകാൻ കാരണമാകുമെന്നായിരുന്നു അധികൃതരുടെ നിലപാട്.

എന്നാൽ ഹർജിക്കാരിക്ക് ഒരു വർഷം അവധി വേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് വിലയിരുത്തിയ കോടതി പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ലെന്ന് വിധിച്ചു. അതിനാൽ വീണ്ടും അവധിക്കായി അപേക്ഷ നൽകാൻ ഹർജിക്കാരിയോടും അത് പരിഗണിച്ച് അനുയോജ്യമായ തീരുമാനമെടുക്കാൻ എൻബിഇഎംഎസിനും കോടതി നിർദേശം നൽകുകയും ചെയ്തു. യുവതിയെ കോഴ്‌സിൽ നിന്നും പുറത്താക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949