20 February, 2026 10:45:56 AM
പത്തോളം മോഷണക്കേസുകളിൽ പ്രതിയായ യുവതിയെ ഓട്ടോറിക്ഷ ഡ്രൈവർ കുടുക്കി

കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി യുവതിയെ ഓട്ടോറിക്ഷ ഡ്രൈവർ കുടുക്കി. തൻ്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ പഴ്‌സ് പിന്നിലേയ്ക്ക് വലിച്ചെറിയുന്നത് കണ്ട് ഓട്ടോ ഡ്രൈവർക്ക് തോന്നിയ സംശയത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവതി കുടുങ്ങിയത്. താഴത്തങ്ങാടി അറുത്തൂട്ടിയിൽ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു. എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ വച്ച് മനോജിന് മൊമെന്റോ നൽകി.
അറുത്തൂട്ടി ഭാഗത്ത് ബസ് ഇറങ്ങിയ യുവതി ഓട്ടോറിക്ഷയിൽ കയറി. തുടർന്ന് ഓട്ടോ നീങ്ങി തുടങ്ങിയപ്പോൾ ഇവർ കയ്യിലുണ്ടായിരുന്ന പഴ്‌സില്‍ നിന്ന് പണമെടുത്ത ശേഷം ഓട്ടോറിക്ഷയ്ക്ക് പിന്നിലേയ്ക്ക് ഇടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹഓട്ടോ ഡ്രൈവർമാരെ വിളിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്‌പൈഡർ പെട്രോളിംങ് സംഘത്തെയും പിങ്ക് പൊലീസിനെയും വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ ശേഷം നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ കയ്യിൽ നിന്നും കൂടുതൽ പഴ്‌സുകൾ കണ്ടെത്തി.
കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പഴ്‌സ് ബസിൽ നിന്നും മോഷ്ടിച്ചതും ഇവരുടെ കയ്യിലുണ്ടായിരുന്നു. ഈ പഴ്‌സിൽ നിന്നും ആയിരം രൂപയും കണ്ടെത്തിയിട്ടുണ്ട്. പഴ്‌സുമായി പിടിയിലായ തമിഴ്‌നാട് സ്വദേശിയായ യുവതിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ കയ്യിലുള്ള പഴ്‌സുകൾ പരിശോധിച്ച ശേഷം ഇത് ആരുടേതാണെന്ന് കണ്ടെത്തുമെന്നും കൂടുതൽ കേസ് ആവശ്യമെങ്കിൽ രജിസ്റ്റർ ചെയ്യുമെന്നും കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറിയിച്ചു.





