13 July, 2026 03:40:26 PM


ഓപ്പറേഷൻ തൂഫാൻ: മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ



കോട്ടയം: കേരള സർക്കാർ, കേരള പോലീസ്, കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം ജൂലൈ 14-ന് രാവിലെ 10.30-ന് കാരിത്താസ് ആശുപത്രി, കോട്ടയത്ത് നടക്കും. "Say No to Drugs – Together for a Drug-Free Keralam" എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടി ബഹുമാനപ്പെട്ട കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. ഐ.പി.എസ്., കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സമൂഹത്തിന്റെ കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന സുപ്രധാന വേദിയാകും ഈ പരിപാടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920