11 July, 2026 07:27:49 PM


കോട്ടയം ജനറൽ ആശുപത്രിയുടെ സുരക്ഷയ്ക്ക് കരുത്തേകി പുതിയ പോലീസ് എയ്ഡ് പോസ്റ്റ്



കോട്ടയം: ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ പുതിയ പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. വൈശാഖ്, ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു  ഐപിഎസ്, കോട്ടയം നഗരസഭ ചെയർമാൻ ശ്രീ.  എം. പി. സന്തോഷ് കുമാർ എന്നിവർ വിശിഷ്ട സാന്നിധ്യമായി.

ദിനംപ്രതി ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും പൊതുജനങ്ങളും എത്തിച്ചേരുന്ന കോട്ടയം ജനറൽ ആശുപത്രിയിൽ സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തുന്നതിൽ പോലീസ് എയ്ഡ് പോസ്റ്റിന് നിർണായക പങ്കുണ്ട്. ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ, മെഡിക്കോ-ലീഗൽ വിഷയങ്ങളിലെ സഹായം, അടിയന്തര സാഹചര്യങ്ങളിലെ പോലീസ് ഇടപെടൽ, ആശുപത്രി പരിസരത്തെ അനാവശ്യ ഇടപെടലുകൾ തടയൽ എന്നിവയിൽ പുതിയ സൗകര്യം കൂടുതൽ ഫലപ്രദമാകും.

ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി സംഭാവനയായി നൽകിയ സാധന സാമഗ്രികൾ ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐപിഎസ് ജനറൽ ആശുപത്രിക്ക് സമർപ്പിച്ചു. കോട്ടയം ഡിവൈഎസ്പി  അരുൺ കെ എസ്, ഈസ്സ് എസ്എച്ച്ഒ  മുരുകൻ ടി സി,  കെപിഎ കോട്ടയം ജില്ലാ കമ്മിറ്റി സെക്രട്ടറി  അനൂപ് അപ്പുക്കുട്ടൻ,  അജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൂപ്രണ്ട് ഡോ: സുഷമ പി കെ സ്വാഗതവും, ഡോ ദീപു എസ് കൃതഞ്ജതയും അർപ്പിച്ചു. നഴ്സിങ്ങ് സൂപ്രണ്ട് മായാ വി ഡി , ജൂനിയർ സൂപ്രണ്ട് അനൂപ് രവി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302