11 July, 2026 04:19:29 PM


കേരളത്തിനും രാജ്യത്തിനും അഭിമാനമായി കെ.ഇ. സ്കൂൾ; 'എക്സലൻഷ്യ–കീംസ് 2026'യിൽ റാങ്ക് ജേതാക്കൾക്ക് ആദരം



മാന്നാനം: ദേശീയ-സംസ്ഥാന തലങ്ങളിൽ കെ.ഇ. സ്കൂളിന് അഭിമാനനേട്ടങ്ങൾ സമ്മാനിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാന്നാനം സംഘടിപ്പിച്ച 'എക്സലൻഷ്യ–കീംസ് 2026' ശ്രദ്ധേയമായി. ജെ.ഇ.ഇ. അഡ്വാൻസ്ഡ് & കീം സംസ്ഥാന ഒന്നാം റാങ്ക് നേടിയ മാസ്റ്റർ റോഷൻ രാജു, ജെ.ഇ.ഇ. ബി.പ്ലാൻ അഖിലേന്ത്യാ ഒന്നാം റാങ്ക് നേടിയ മാസ്റ്റർ ഗൗരി ശങ്കർ വി., ജെ.ഇ.ഇ. മെയിൻ കേരള ഒന്നാം റാങ്ക് നേടിയ മാസ്റ്റർ നിരഞ്ജൻ ജെ. പിള്ള എന്നിവരെ ചടങ്ങിൽ മെമന്റോകൾ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി., ഐ.സി.എസ്.ഇ. പത്താം ക്ലാസ് പൊതുപരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെയും പ്രത്യേകം ആദരിച്ച് അനുമോദിച്ചു.

സ്കൂൾ മാനേജർ റവ. ഫാ. ലൂക്ക ചവറ സി.എം.ഐ. അധ്യക്ഷനായ സമ്മേളനം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട്  സാബു മാത്യു കെ. എം., ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോസഫ് വട്ടപ്പറമ്പിൽ സി.എം.ഐ. അനുഗ്രഹപ്രഭാഷണവും . ഹെഡ് ഗേൾ കുമാരി പ്രിയൽ മാത്യു സ്വാഗതപ്രസംഗവും നടത്തി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. സ്കൂളിന്റെ അക്കാദമിക മികവിനും വിദ്യാർഥികളുടെ നേട്ടങ്ങൾക്കും ആശംസകൾ നേർന്നു.

ഗായിക കുമാരി ആൻ ബെൻസൺ, ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു, പി.ടി.എ. വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി. നായർ, രക്ഷാകർതൃ പ്രതിനിധി രാജു കെ. കെ. എന്നിവർ റാങ്ക് ജേതാക്കളെയും സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. റാങ്ക് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. ഹെഡ് ബോയ് മാസ്റ്റർ മാത്യു ബിജിലി നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പൂർവവിദ്യാർഥികളും നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങ് കെ.ഇ. സ്കൂളിന്റെ തുടർച്ചയായ അക്കാദമിക മികവിനും ദേശീയ-സംസ്ഥാന തലങ്ങളിലെ നേട്ടങ്ങൾക്കും മാറ്റുകൂട്ടുന്നതായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309