02 June, 2026 11:25:36 AM


ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്ത് രക്ഷപ്പെട്ടു; മധ്യവയസ്‌കനെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തി



പാറശാല: ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയത്തെ തുടർന്ന് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് രോഗി ഓടി രക്ഷപ്പെട്ടു. ഒടുവിൽ, ഒരു കിലോമീറ്ററോളം അകലെയുള്ള വീടിന്റെ മുകളിൽ നിന്ന് രോഗിയെ കണ്ടെത്തി. പാറശാല ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. പനച്ചമൂട് സ്വദേശിയായ മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. 

തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആശുപത്രി ജനല്‍ച്ചില്ല് തകര്‍ത്ത് മാത്യു രക്ഷപ്പെട്ടത്.  അടിവയറ്റിലെ കടുത്ത വേദനയെ തുടർന്ന് ആശുപത്രിയിലെ പേ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയയോടുള്ള ഭയം കാരണം, പുലർച്ചെ സർജിക്കൽ വാർഡിന്റെ ജനൽച്ചില്ല് തകർത്ത ശേഷം ഇയാൾ പുറത്തേക്ക് ചാടി ഓടുകയായിരുന്നു.

രോഗിയെ കാണാതായതോടെ ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരും പാറശാല പോലീസും ചേർന്ന് പ്രദേശത്താകെ വ്യാപക തിരച്ചിൽ നടത്തി. ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീടിന്റെ മുകളിൽ അവശനായ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925