15 August, 2026 10:26:48 AM


ദേശീയ ഗാനം ഉയര്‍ന്നു; മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്. കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ ഗാനം മാത്രം. പതാക ഉയര്‍ത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. വിവിധ സേനാ വിഭാഗങ്ങളും എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, സറ്റുഡന്റ് പോലീസ് തുടങ്ങിയ വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും പതാകയുയര്‍ത്തി. 

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന യു ഡി എഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത നിയമപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് പറയുന്നത്. 

നിയമം ലംഘിക്കുകയോ അതിനെ അധിക്ഷേപിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും അതിലുണ്ട്. 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിനിന്റെ ഭാഗമായി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ സര്‍ക്കുലര്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939