21 January, 2016 01:32:13 PM


ഈ വൃത്തികെട്ട സത്യഗ്രഹ നാടകം ആര്‍ക്കു വേണ്ടി ?

വടക്കേ ഇന്ത്യാക്കാര്‍ക്ക്  വളരെ പരിചയമുണ്ടായിരുന്ന ഒരു പൊറാട്ടു നാടകമുണ്ടായിരുന്നു - ആയാറാം ഗയറാം - പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്കുള്ള കൂറുമാറ്റമാണിത്. കാലുമാറ്റ നിരോധന നിയമം  പ്രാബല്യത്തില്‍ വന്നതോടെ അത് ഏതാണ്ട്  അവസാനിച്ചു. ആ  പൊറാട്ടു നാടകദര്‍ശനഭാഗ്യം കേരളത്തിന്‌  നല്‍കിയ കേരളത്തിന്‍റെ സ്വന്തം പാര്‍ടിയാണ്  കേരള കോണ്ഗ്രസ്. പി ടി ചാക്കോയുടെ സ്മരണയിലും കെ എം ജോര്‍ജ്ജിന്‍റെ പ്രാവീണ്യത്തിലും പിറവിയെടുത്ത കേരള കോണ്ഗ്രസ് കേരളീയര്‍ക്ക് എക്കാലവും നോണ്‍ സ്റ്റോപ്പ്‌  കോമഡി  സമ്മാനിച്ചവരാണ്, സമ്മാനിച്ചുകൊണ്ടിരിക്കുന്നവരാണ് , ഇനിയും സമ്മാനിക്കുന്നവരുമാണ്!!

ഇടക്കിടക്കു പിളരുക, പിളര്‍ന്നവ വീണ്ടും പിളരുക, അവ പിന്നെയും പിളരുക. അനന്തരം ചില കഷണങ്ങള്‍ ചേരുക, ചേര്‍ന്നവ പിന്നീടു പിളര്‍ന്നു  പഴയതു പുനരുജ്ജീവിപ്പിക്കുക! ഇങ്ങനെ പോകുന്നു കോമഡി ഷോകള്‍. ചില ഘടകങ്ങള്‍ ചിലപ്പോള്‍ മറ്റു മുന്നണികളിലോ പാര്‍ടികളിലോ പോയി ലയിക്കും. അവസാനം അവരോടു യാത്ര പിരിയും .വഴിയാധാരമാകുമെന്നു തോന്നുമ്പോള്‍ വീണ്ടും തിരിച്ചു ചെല്ലും. ഇപ്പോള്‍ എത്ര കേരള കോണ്ഗ്രസ് കഷണങ്ങള്‍ ഉണ്ടെന്നോ അവരുടെ നേതാക്കള്‍ ഏതൊക്കെ പാര്‍ടികളിലാണെന്നോ  അറിയണമെങ്കില്‍  ഒന്നൊന്നര കവിടി തന്നെ നിരത്തണം !

കേരളത്തിന്‍റെ സ്വന്തം പാര്‍ടിയാണെന്നാണ് പറച്ചില്‍ .. പ്രത്യേകിച്ച് കര്‍ഷകരുടെ.. (കര്‍ഷക തൊഴിലാളികളുടെ അല്ല കേട്ടോ). കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക്  'അന്യായ' വില വാങ്ങി കൊടുക്കാന്‍ വേണ്ടി പ്രതിജ്ഞാബദ്ധമാണ് ആ പാര്‍ട്ടി. ഭൂമിക്കേസില്‍, മഹിളക്കേസില്‍, കോഴക്കേസില്‍ ഒക്കെ മന്ത്രി പദവി പോയവരെക്കൊണ്ട് സമ്പന്നവും സമ്പുഷ്ടവുമാണ് ഈ പാര്‍ട്ടി. ചുരുക്കി പറഞ്ഞാല്‍ ആസനത്തില്‍ കിളുര്‍ത്ത ആലിനെ അലങ്കാരമാക്കുന്നവര്‍ ! ഇവര്‍ ഭരിക്കുമ്പോഴോ ഇവരുടെ സഖ്യകക്ഷി കേന്ദ്രത്തില്‍ ഭരിക്കുമ്പോഴോ ഇവര്‍ ചാര്‍ജ്ജുപോയ ബാറ്ററിപോലെയാണ്..തെരെഞ്ഞെടുപ്പ്  എന്ന് കേട്ടാലേ ഇവരുടെ ബാറ്ററി ചാര്‍ജ്ജാവൂ..

ആമുഖമായി  ഇത്രയും പറഞ്ഞത് ഇവരുടെ വക പുതിയൊരു പൊറാട്ടു നാടകം കോട്ടയത്ത്‌ തിരുനക്കര മൈതാനത്ത് അരങ്ങേറുന്നതിനാലാണ്. കോട്ടയത്തിന്റെ സുമുഖനായ  എം പി , അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ (!) ഉപജ്ഞാതാവ് (പട്ടിണി കിടന്ന പാവം കാറല്‍ മാര്‍ക്സ് ഔട്ട്‌ !!) കെ എം മാണിയുടെ പുത്രന്‍ ജോസ് കെ മാണിയുടെ നിരാഹാര സത്യാഗ്രഹനാടകം റബ്ബറിന് വിലക്കയറ്റം ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. ഇത്തരം  ആവശ്യങ്ങള്‍ക്കു വേണ്ടി ഇത്തരം സമരം ചെയ്യുന്നതിനെ സത്യം പറഞ്ഞാല്‍ കളിയാക്കാന്‍ പാടില്ല. പക്ഷെ  ഇതൊരു പതിവ് കോമഡി ഷോ ആയ സ്ഥിതിക്ക്  എങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയും?

ഒന്നാമത് ഈ എം പിയുടെ പാര്‍ട്ടി സംസ്ഥാനം ഭരിക്കുന്ന മുന്നണി സര്‍ക്കാരിലെ  അംഗമാണ്. അവരുടെ മുഖ്യ-സഖ്യ കക്ഷി കേന്ദ്രം ഭരിച്ചപ്പോള്‍ സാധിക്കാത്ത കാര്യം ഇപ്പോള്‍ വേണമത്രെ! ഈ എം പിയുടെ പിതാവ് നിസ്സാരക്കാരനല്ല, കുറച്ചുകാലം മുമ്പുവരെ സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്നു. ഈ  റബ്ബര്‍ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല! സര്‍വ്വ സംസ്ഥാന ധനമന്ത്രിമാരുടെ തലവനായി കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ബന്ധുവുമായിരുന്നു. 
എന്നാലിപ്പോള്‍ പ്രശ്നം അതല്ല. വരുന്ന  തെരഞ്ഞെടുപ്പിലും റബ്ബര്‍ ഉയര്‍ത്തിക്കാട്ടി വിജയം കൊയ്യണമെങ്കില്‍ റബ്ബറിന്റെ വിലയിടിയണം, കേന്ദ്രത്തെ പഴിക്കണം. റബ്ബര്‍ പോലെ വളയുന്ന നട്ടെല്ലുള്ളവര്‍ക്ക്  റബ്ബര്‍തന്നെ ശരണം.
.
കോമഡി ഷോയിലെ  ഐറ്റങ്ങള്‍ ഏറെ രസിപ്പിക്കുന്നതാണ്.
അനിശ്ചിതകാല നിരാഹാരമെന്നാണ് വീമ്പ്. എന്നാല്‍  വേദി വാടകയ്ക്ക് എടുത്തത്‌  മൂന്നു ദിവസത്തേക്ക് മാത്രം. ചിരിക്കണ്ട .. അതൊക്കെ അച്ഛന്‍ മാണിയുടെ ഏര്‍പ്പാടാ.. കൂടുതല്‍ ദിവസം കിടന്നുചാകാനാണെങ്കില്‍  സ്വന്തം മകനെ കിടത്തുമോ? വല്ല ചാഴിക്കാടനെയും പിടച്ചു കിടത്തിയാല്‍ പോരെ? അങ്ങനെ കിടന്നാല്‍  മകന് പ്രശസ്തി ഉണ്ടാവുമോ? തനിക്ക് ശേഷം പാര്‍ട്ടി കൊണ്ട് നടക്കേണ്ടവനല്ലേ? അപ്പോള്‍  ഒരു വെടിക്ക്  രണ്ടു പക്ഷി. ഒന്ന്  കപടമായ  റബ്ബര്‍ കര്‍ഷക സ്നേഹം, രണ്ട്, മകന്‍റെ സ്ഥാനാരോഹണം ..

'മൂന്നു ദിവസ വാടക'ക്ക് പിന്നാമ്പുറ കഥയുണ്ട്. ബി ജെ പി യുടെ പുതിയ സംസ്ഥാന പ്രസിഡണ്ട്‌ കുമ്മനം രാജശേഖരന്‍ കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിക്കുന്നുണ്ടെന്നും റബ്ബറിന്റെ വിലയിടിവ് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നല്‍കുന്ന നിവേദനത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും നമ്മുടെ സാക്ഷാല്‍ 'മാണിസാര്‍' ഗണിച്ചിരിക്കുന്നു.. അതുകൊണ്ട് മൂന്നു ദിവസത്തിനുള്ളില്‍ സമരം  അവസാനിപ്പിക്കാനാകുമെന്ന്  കരുതിയാല്‍ തെറ്റില്ലല്ലോ. എന്നാല്‍ പ്രീയ പിതാവിന്‍റെ ആ കരുതല്‍  മകന്‍റെ കുരുതിയിലേ കലാശിക്കൂ എന്നാണു  സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.. എന്നാലും പ്രശ്നമില്ല.. ക്ഷീണിക്കുന്ന മാത്രയില്‍ പോലീസിനെക്കൊണ്ട്  അറസ്റ്റ് ചെയ്യിപ്പിച്ചു ആശുപതിയില്‍ ആക്കി 'വോട്ടറുടെ' ചെലവില്‍ നല്ല ചികിത്സ കൊടുക്കാമല്ലോ!

ഒരു പക്ഷെ  കുമ്മനത്തിന്റെ നിവേദനത്തില്‍ തീരുമാനം ഉണ്ടായേനെ! കേരള കോണ്ഗ്രസ് അങ്ങനെ നേട്ടം ഉണ്ടാക്കണ്ട  എന്ന് അവര്‍ക്ക് തോന്നിക്കാണും. കുമ്മനം നിര്‍മ്മലയെ കണ്ടു മടങ്ങി ഒരാഴ്ചക്കുള്ളില്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നടത്തേണ്ടിയിരുന്ന  സമരമാണ്, ഇപ്പോള്‍ 'കപടസമര'മായി ത്തീര്‍ന്നത്‌!

മറ്റൊരു തമാശയുണ്ട്, തിരുനക്കരയില്‍  എന്തിനാണ് സമരം നടത്തുന്നത്? കേന്ദ്ര സര്‍ക്കാരോ പാര്‍ലമെന്‍റോ തിരുനക്കരയിലാണോ? പണ്ടു പി സി തോമസൊക്കെ ഉടലില്‍ റബ്ബര്‍ ചുറ്റി ഡല്‍ഹിയില്‍ ശയനപ്രദക്ഷിണമൊക്കെ നടത്തിയിട്ടുണ്ട് .സത്വര പ്രശ്ന പരിഹാരത്തിന് എം പിയും സംഘവും ഡല്‍ഹിയിലല്ലേ പോകേണ്ടിയിരുന്നത്‌ ? നല്ല ചോദ്യം? ഡല്‍ഹിയില്‍ പോയിരുന്നാല്‍ സ്വന്തം വോട്ടര്‍മാര്‍  അറിയണമെന്നില്ലല്ലോ! കോട്ടയത്ത്‌, പാര്‍ട്ടിയുടെ തട്ടകത്തു നടത്തിയാലല്ലേ കര്‍ഷകരും വോട്ടര്‍മാരുമൊക്കെ അറിയൂ..

ഇന്നു പുതിയൊരു വാര്‍ത്ത‍ കണ്ടു. പി സി ജോര്‍ജ്ജു വക.. വിശ്വസിക്കാവുന്നവര്‍ക്ക്  വിശ്വസിക്കാം.. ആരോപണങ്ങള്‍ ഇങ്ങനെ .. കൃത്രിമ റബ്ബര്‍ വിതരണത്തിനായി 1989 മുതല്‍  എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന  റോയല്‍ മാര്‍ക്കെറ്റിങ്ങ് ആന്‍റ് ഡിസ്ട്രിബ്യൂട്ടെര്‍സ് എന്ന കമ്പനിയുടെ പിന്നില്‍ കെ എം മാണിയും ജോസ് കെ മാണിയും ഇവരുടെ ബന്ധുക്കളുമാണ്. അതിലൊരാള്‍ മാണിയുടെ മകളുടെ ഭര്‍ത്താവ് മാത്യു സേവ്യറും മറ്റൊരാള്‍ മാണിയുടെ മരുമകന്റെ അനുജന്‍റെ ഭാര്യ രൂപയുമാണ്. എം പി ആകുന്നതിനു മുമ്പ് ജോസ് കെ മാണിയും പിന്നീട് ഭാര്യ നിഷയും പങ്കാളിയാണ്. റിലയന്‍സ് കമ്പനിയുടെ കേരളത്തിലെ സ്റ്റോക്കിസ്റ്റ് ആണ് റോയല്‍  മാര്‍ക്കറ്റിങ്ങ് ആന്‍റ്  ഡിസ്ട്രിബ്യൂട്ടേഴ്സ്.

    

ഇപ്പോള്‍ കാര്യങ്ങള്‍ ഒരുവിധം മനസ്സിലായി കാണുമല്ലോ?


കേരള സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക്  ആശ്വാസമായി  അനുവദിച്ച നൂറു കോടി രൂപയുടെ വിഹിതം അമ്പതു ശതമാനം പോലും വിനിയോഗിക്കാത്ത കുറ്റം ആരുടെതാണ്? ഇറക്കുമതി ഇതിനകം രണ്ടു തുറമുഖങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. അല്പം ആശ്വാസകരമാകുന്ന കാര്യങ്ങളും ചെയ്തു. എന്നാല്‍  ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തി വക്കണമെന്ന - ഒരിക്കലും നടക്കാത്ത - ആവശ്യമാണ് മാണി ഇന്ന്  ഉന്നയിച്ചിരിക്കുന്നത്.. രാജ്യാന്തര കരാറുകള്‍ ഏക പക്ഷീയമായി നിര്‍ത്തി വക്കാന്‍ - സാക്ഷാല്‍ മാണി ഭാവിയില്‍  കേന്ദ്ര മന്ത്രി ആയാല്‍പ്പോലും!- ആവില്ലെന്ന കാര്യം കൂടുതല്‍ കാലം മന്ത്രിയായിരുന്ന മാണിയെ  ആരും പഠിപ്പിക്കേണ്ടല്ലോ! അപ്പോള്‍ നടക്കാത്ത കാര്യം ഉന്നയിച്ചു കേന്ദ്ര സര്‍ക്കാരിനെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക തന്നെയാണ് ലക്ഷ്യം..
 
കര്‍ഷക കപട പ്രേമം നടിച്ചു മനുഷ്യരെ വെറും വിഡ്ഢികളാക്കുന്ന കപട രാഷ്ട്രീയത്തിനെതിരായി കേരള ജനത ഉണരേണ്ട, ഉയരേണ്ട സമയമായി എന്നാണു ഞങ്ങള്‍ക്ക് പറയാനുള്ളത്. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു റബ്ബര്‍ കര്‍ഷകരെ മുള്ളില്‍ നിര്‍ത്തട്ടെ., ഈ കപട സംരക്ഷകരുടെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നത്‌ വരെയെങ്കിലും!! 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K