16 June, 2019 04:19:27 PM


സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിര്: പിണറായിക്ക് വിഎസിന്‍റെ മുന്നറിയിപ്പ്




തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഇടത് ആശയത്തിന് എതിരാണെന്ന മുന്നറിയിപ്പുമായി വി.എസ് അച്യൂതാനന്ദന്‍. ഇതു സംബന്ധിച്ച് വി.എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളില്‍ ഗൗരവമായ പുന:പരിശോധന ആവശ്യമാണെന്നാണ് വിഎസ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.


പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലും ജാഗ്രത പുലര്‍ത്തിയില്ലെന്നും വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇടത് ആശയങ്ങളില്‍ പിഴവു വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതില്‍ കാരണമാകുമെന്നും വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.


ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി. അതോടൊപ്പം, ഭൂമി റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിഎസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K