29 February, 2024 02:34:29 PM


പി ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു



കൊച്ചി : പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ആർ എസ് എസ്  ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാൾക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെതിരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വിചാരണക്കോടതി നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K