07 March, 2024 02:45:12 PM


തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ; പദ്മജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍



തിരുവനന്തപുരം: പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്ന് രാഹുല്‍ ചോദിച്ചു. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും ചോദിച്ചു.

എവിടെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആക്കാമായിരുന്നു. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണ്. പാര്‍ട്ടിയില്‍ പരിഗണന കിട്ടിയില്ല എങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ പോകാമായിരുന്നില്ലേ? അത് പോയില്ല. അപ്പോള്‍ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബിജെപിയിലേക്ക് പോകുന്നത് അതിന് തന്നെയാണ് പത്മജയും പോയത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയത് കോൺഗ്രസിന് വിഷമമുള്ള കാര്യമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കരുണാകരൻ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ലെന്ന് പറഞ്ഞ രാഹുൽ പത്മജ വീണത് ചാണകക്കുഴിയിൽ എന്ന പ്രസ്താവനയും നടത്തി. പത്മജയുടെ പേരിൽ ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടില്ല, കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസ് അവരെ തെരുവിൽ തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K