19 June, 2019 07:34:29 PM


എംജി ബിരുദ ഏകജാലക പ്രവേശനം: മൂന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു; സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് ജൂലൈ 9ന്

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള  സപ്ലിമെന്ററി അലോട്‌മെന്റിന് ജൂലൈ അഞ്ചുമുതൽ ഏഴു വരെ പുതുതായി ഓപ്ഷൻ നൽകാം. ജൂലൈ ഏഴിന് വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെയുള്ളവർക്ക്‌ സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.

ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങൾക്കായി പുതിയ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിക്കാം. ലോഗിൻ ചെയ്തശേഷം അപേക്ഷകന് നേരത്തെ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. പുതുതായി ഓപ്ഷനുകൾ നൽകാം.

മുമ്പ് അപേക്ഷ നൽകാത്തവർക്ക് പുതുതായി ഫീസടച്ച് സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ജൂലൈ അഞ്ചിന് പ്രസിദ്ധീകരിക്കും.

മുൻ അലോട്ട്മെന്‍റുകളിലും മാനേജ്മെന്‍റ്/കമ്മ്യൂണിറ്റി മെറിറ്റ്/സ്പോർട്സ്/കൾച്ചറൽ പി.ഡി. ക്വാട്ടകളിലേക്ക് സ്ഥിരപ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വീണ്ടും ഓപ്ഷനുകൾ നൽകുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്മെന്റ് ലഭിക്കുന്ന ഓപ്ഷൻ നിർബന്ധമായും സ്വീകരിക്കണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.

മൂന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂൺ 22ന് വൈകീട്ട് നാലു വരെ 


മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി ജൂൺ 22ന് വൈകീട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ജൂൺ 22നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളേജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ കൺഫർമേഷൻ സ്ലിപ് ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

മൂന്നാം അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹരായവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടിയാൽ സർവകലാശാല ഫീസിനു പുറമെ ട്യൂഷൻഫീസ് ഉൾപ്പെടെ കോളേജുകളിൽ അടച്ച് പ്രവേശനം ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്ട്മെന്റിൽ താത്ക്കാലികമായി പ്രവേശനം നേടിയവർ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ തുടരുന്നില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാക്കും. എസ്.സി./എസ്.ടി. വിഭാഗം ഒഴികെയുള്ളവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ജൂൺ 22ന് മുമ്പ് സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും.



Share this News Now:
  • Google+
Like(s): 175