31 August, 2019 09:27:44 PM


വായു മലിനീകരണം നിരീക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ മൊബൈല്‍ സ്റ്റേഷന്‍ എം.ജി. സര്‍വകലാശാലയില്‍

ഏതു സ്ഥലത്തേയും വായു മലിനീകരണം അറിയാം;

വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് സെപ്തംബര്‍ മൂന്നിന്



കോട്ടയം: വായു മലിനീകരണം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈല്‍ ആംബിയന്‍റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷന്‍ (എം.എ.എ.ക്യു.എം.എസ്.) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍. വിവിധ സ്ഥലങ്ങളിലെ വായു മലിനീകരണത്തിന്റെ അളവ് നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്താനും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കാനും സഹായകമായ മൊബൈല്‍ സംവിധാനമാണ് എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്‍റല്‍ സയന്‍സസിന്‍റെ കീഴില്‍ തയ്യാറായത്. അന്തരീക്ഷത്തിലെ രണ്ടുതരത്തിലുള്ള പൊടിപടലങ്ങള്‍, കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, ഓസോണ്‍ എന്നിവയുടെ തോത് നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടാകുന്ന വായു മലിനീകരണത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കണ്ടുപിടിക്കാനാകും.

കേരളത്തില്‍ നിലവില്‍ ആകെ 34 സ്ഥലങ്ങളിലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് നിരീക്ഷിക്കുന്നത്. തുടര്‍ച്ചയായി വായു മലിനീകരണ നിരീക്ഷണ സംവിധാനമുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്. ഇത് സ്ഥിരം സംവിധാനമായതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. ഈ പരിമിതി മറികടക്കുന്നതാണ് എം.ജി.യുടെ എം.എം.എ.ക്യു.എം.എസ്. വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത സമയത്തെ മലിനീകരണതോത് മൊബൈല്‍ സ്റ്റേഷനിലെ അത്യാധുനിക ഉപകരണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയും. മലിനീകരണം സംബന്ധിച്ച വിവരങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കുന്നതുവഴി ഭാവിയിലെ മലിനീകരണ നിയന്ത്രണ നയം ഗുണകരമായി നടപ്പാക്കാന്‍ സഹായിക്കുന്നു.

വാഹനത്തിന്റെ ഫ്ളാഗ് ഓഫ് സെപ്തംബര്‍ മൂന്നിന് രാവിലെ 9.30ന് സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് അങ്കണത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് നിര്‍വഹിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അജിത് ഹരിദാസ്, സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, പ്രൊഫ. കെ. ജയചന്ദ്രന്‍, സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ഇ.വി. രാമസ്വാമി, സജിമോന്‍, ഡോ. മഹേഷ് മോഹന്‍, ഡോ. കെ.ആര്‍. ബൈജു, ഡോ. വി.പി. സൈലസ് എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പ്രൊഫ. മധുമിക അഗര്‍വാള്‍, പ്രൊഫ. അഗര്‍വാള്‍, പ്രൊഫ. ഉഷ, ഡോ. അഭിലാഷ് എന്നിവര്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K