20 September, 2019 01:08:45 PM


പാലാരിവട്ടം പാലം: കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നടപടിയെടുക്കാതെ ആര്‍ബിഡിസികെ



കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം  ഈടാക്കാനുള്ള കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ ഇതിനായി ഒരു നടപടിയും സ്വീകരിക്കാതെ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് ഡവലപ്മെന്‍റ് കോർപ്പറേഷന്‍റെ കള്ളക്കളി. പാലം പണിത് സർക്കാരിന് കൈമാറി മൂന്ന് വർഷത്തിനുള്ളിൽ എന്തെങ്കിലും തകരാറുണ്ടായാൽ കരാറുകാരന്‍റെ ചെലവിൽ പരിഹരിക്കണമെന്നതാണ് വ്യവസ്ഥ. കരാര്‍ പ്രകാരം കരാറുകാരന് നോട്ടീസ് നല്‍കി ഈ തുക ഈടാക്കാന്‍ അവശേഷിക്കുന്നത് മൂന്നാഴ്ച മാത്രം.


ഈ കാലാവധിക്കുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പാലം പൊളിച്ച് പണിയേണ്ട 20 കോടി രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടി വരും. പാലം തുറന്ന് രണ്ട് വർഷം തികയും മുമ്പേ റോഡിലെ ടാറിളകി. ഗർഡറുകൾക്കും ബെയറിംഗുകൾക്കും ബലക്ഷയമുണ്ടായി. ആശങ്കയോടെ സർക്കാർ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. പാലത്തിന്‍റെ അറ്റകുറ്റപ്പണി നടത്താൻ കോർപ്പറേഷൻ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും മിനുക്കിപ്പണി കൊണ്ട് കാര്യമില്ലെന്ന ചെന്നൈ ഐഐടി റിപ്പോർട്ട് വന്നതോടെ അതും നിർത്തി. ഇ ശ്രീധരന്‍റെ റിപ്പോർട്ട് കണക്കിലെടുത്ത് പാലം പൊളിച്ചു പണിയാൻ സർക്കാർ തീരുമാനിച്ചത് നാല് ദിവസം മുമ്പാണ്. 20 കോടി രൂപയാകും ഇതിന് ചെലവെന്നാണ് കണക്ക്. 


പാലാരിവട്ടം പാലം നിർമിക്കാനായി പൊതുമരാമത്ത് വകുപ്പ് റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് ഡവലപ്മെന്‍റ് കോർപ്പറേഷനെ 2016-ലാണ് ചുമതലപ്പെടുത്തുന്നത്. കോർപ്പറേഷൻ ചെന്നൈ ആസ്ഥാനമായ ആർഡിഎസ് പ്രോജക്ട്‍സിന് കരാർ നൽകി. 2016 ഒക്ടോബർ 12-നായിരുന്നു പാലത്തിന്‍റെ ഉദ്ഘാടനം. പാലം പൊളിച്ച് പണിയുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക വിശദാംശങ്ങൾ അടങ്ങുന്ന ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താകും സര്‍ക്കാരിന്‍റെ ഭാവി നടപടികള്‍. ഈ നടപടികള്‍ നീണ്ടുപോയാല്‍  കരാറുകാരനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള കാലാവധിയും തീരും.


എന്നാൽ സമയപരിധി പ്രശ്നമല്ലെന്നും കരാറുകാരനിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. നിയമപരമായി തന്നെ പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ സർക്കാർ എടുക്കും. ഇനി ഒരു കരാറും നല്‍കാതെ ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയും എടുത്തു. പാലം പുതുക്കിപ്പണിയുന്ന ജോലി പിഡബ്ല്യുഡി ഏറ്റെടുക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. അഡ്വാൻസായി മൊബിലൈസേഷൻ അഡ്വാൻസെന്ന പേരിൽ മുൻകൂർ പണം കൊടുക്കുന്ന പതിവുണ്ടെന്ന ഇബ്രാഹിംകുഞ്ഞിന്‍റെ വാദം തെറ്റാണ്. അത്തരമൊരു പതിവുള്ളതായി തനിക്കറിയില്ലെന്നും ജി സുധാകരൻ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K