22 September, 2019 03:43:55 PM


ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിന് പിഴ കൂടും; ഏഴ് കുറ്റങ്ങളുടെ പിഴ സംസ്ഥാനം കുറയ്ക്കും




തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കാൻ ധാരണ. അതേസമയം ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തതിനുള്ള ഉയർന്ന പിഴ തത്കാലം കുറയ്ക്കില്ല. പിഴ ചുമത്തലിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. 1000 മുതൽ 10,000 വരെരൂപ പിഴയീടാക്കാവുന്ന ഗതാഗതനിയമലംഘനങ്ങൾക്ക് കുറഞ്ഞനിരക്ക് ഈടാക്കാൻ കഴിയുമോ എന്നു നിയമസെക്രട്ടറി പരിശോധിക്കും.


അതിനുശേഷം മോട്ടോർവാഹന നിയമഭേദഗതിയിൽ സംസ്ഥാനസർക്കാർ പുനർവിജ്ഞാപനം ഇറക്കാനാണു ധാരണ. ഇതിനുശേഷമേ മോട്ടോർവാഹന വകുപ്പും പോലീസും നേരിട്ട് പിഴ ഈടാക്കൂ. അതുവരെ ഗതാഗത നിയമലംഘനക്കേസുകൾ കോടതിക്ക് കൈമാറും. നിശ്ചിത തുകവരെ പിഴയാകാമെന്നു പറഞ്ഞിട്ടുള്ള (കുറഞ്ഞതുക പറയാത്ത) ഏഴു നിയമലംഘനങ്ങൾക്ക് പിഴ കുറയ്ക്കാനാണു ധാരണ. എത്രത്തോളം കുറയ്ക്കണമെന്നത് ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും ചേർന്നു റിപ്പോർട്ട് തയ്യാറാക്കും. ഇതു പരിശോധിക്കാൻ നിയമസെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K