29 April, 2020 12:37:58 PM


'പറഞ്ഞിട്ട് കാര്യമില്ല, നന്നാവില്ല'; ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിനെ കുറിച്ച് മന്ത്രി



തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് അനുസരിച്ച് ജീവനക്കാരുടെ വേതനം 25 ശതമാനം വരെ സർക്കാരിന് അടിയന്തിര ആവശ്യങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കാനാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ ഒരു ഭാഗം വിതരണം ചെയ്യാതെ മാറ്റിവയ്ക്കണമെങ്കിൽ ഉത്തരവ് നിയമപരമാകണമെന്ന നിഗമനത്തിലാണ് ബഹു. ഹൈക്കോടതി എത്തിയിട്ടുള്ളത്. ഭരണഘടനയുടെ Art. 300A വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഈ നിലപാടെടുത്തത്.


തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ ധനമന്ത്രി ഇത് സംബന്ധിച്ച വിശദീകരണം നല്‍കുന്നു. ഒര്രം മാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തയെ പറ്റിയും.


"ജീവനക്കാരുടെ ശമ്പള വിതരണം സംബന്ധിച്ച ക്രമീകരണങ്ങൾ സർക്കാർ പുറപ്പെടുവിച്ചതാണ്. ഇന്നത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ വരുമാന തകർച്ചമൂലം ഇത് ജീവനക്കാർക്ക് ഗണ്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ പുനക്രമീകരിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്.


ഒരു നിയമത്തിന്റെ പിൻബലത്തോടെ മാത്രമേ ഇതു ചെയ്യാനാകൂ എന്ന ബഹു. ഹൈക്കോടതി നിഗമനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനുതകുന്ന ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനായി ആദരണീയനായ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനമെടുത്തു. ഓർഡിനൻസിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇപ്രകാരമാണ്.


1) ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം 25 ശതമാനം വരെ മാറ്റി വയ്ക്കുന്നതിന് ഈ ഓർസിനൻസ് സർക്കാരിനെ അധികാരപ്പെടുത്തും.


2) ഇങ്ങനെ മാറ്റിവെയ്ക്കപ്പെടുന്ന വേതനം തിരിച്ചു നൽകുന്നതു സംബന്ധിച്ച് ആറു മാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം.


ശ്രദ്ധിക്കേണ്ടുന്ന കാര്യം ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശം ഇതുവഴി സർക്കാരിനു നൽകുന്നില്ല. മറിച്ച് മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രം.


എന്നുവച്ചാൽ, എ.കെ.ആന്റണി ഭരണത്തിലിരുന്നപ്പോൾ ചെയ്തത് ചെയ്യാനോ ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതു ചെയ്യാനോ ഉള്ള അധികാരം ഈ നിയമത്തിലൂടെ കൈയ്യാളുന്നതിന് കേരള സർക്കാർ തയ്യാറല്ല.


കോടതിവിധിയുടെ അന്തസത്ത ഇതുപോലെ ശമ്പളം പിടിച്ചെടുത്തോ മാറ്റിവച്ചതോ ആയ കേന്ദ്രത്തിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമല്ലേ?


കേസ് കൊടുത്തത് ബിജെപിയും കോൺഗ്രസും ഒത്തുചേർന്നാണുതാനും. അതുകൊണ്ട് വേണമെങ്കിൽ കേന്ദ്രവും കോൺഗ്രസ് സർക്കാരുകളും തന്നെ അപ്പീൽ കൊടുക്കട്ടെ. കേരള സർക്കാർ എന്തായാലും ഇല്ല.


വാൽക്കഷണം- ഈ പോസ്റ്റ് എഴുതുന്നതിനു മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു. ഈ ഓർഡിനൻസ് കേരള സർക്കാരിന് ശമ്പളം കട്ട് ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ലെന്നു വ്യക്തമാക്കിയശേഷം ഓഫീസിൽ എത്തി നോക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഫ്ലാഷ് -


"സാലറി കട്ട് ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം, 25 ശതമാനം വരെ ശമ്പളം പിടിക്കാൻ അധികാരമെന്ന് തോമസ് ഐസക്ക്".


പറഞ്ഞിട്ടു കാര്യമില്ല. നന്നാവില്ല..."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K