05 May, 2020 10:37:53 PM


വീട് ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് തടസമില്ല

അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പാസ് വേണ്ട



തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും നിർമാണ സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നതായി പരാതിയുണ്ട്. ഇത് തടയാൻ നടപടി സ്വീകരിക്കും. നിർമാണത്തിന് കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണ് തടസമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വീട് നിർമാണം ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മുടങ്ങിയ മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവർ അനുവാദം നൽകും. 


സർക്കാർ, സ്വകാര്യ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കുടുംബശ്രീ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഐ. എസ്. ആർ. ഒ, ഐ. ടി. മേഖലയിലെ ജീവനക്കാർ, ഡാറ്റ സെന്റർ ജീവനക്കാർ എന്നിവർക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർ ഐ. ഡി കാർഡ് കൈയിൽ കരുതിയാൽ മതി. മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.


വൈകിട്ട് ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇവർക്ക് യാത്രാ നിരോധനവും ബാധകമല്ല. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് അന്തർജില്ലാ യാത്രയ്ക്ക് പോലീസിന്റെ പാസ് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ട് മേഖലയിലേക്ക് യാത്ര ചെയ്യാൻ പോലീസ് പാസ് നൽകില്ല. എല്ലാ ദിവസവും ജില്ല വിട്ടു പോയിവരാനും പാസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ. എസ്. ആർ. ഒ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അവരുടെ സ്ഥാപനത്തിന്റെ ബസിൽ യാത്ര ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.


കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ഓഫീസുകൾ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് നിയോഗിക്കാവൂ.  സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വടക്കൻ മേഖലയിൽ നിർമാണത്തിന് ചെങ്കല്ല് ആവശ്യമായ സാഹചര്യത്തിൽ ഇത് വെട്ടുന്നതിനുള്ള നിയന്ത്രണം ഈ ഘട്ടത്തിൽ ഒഴിവാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K