07 July, 2020 07:44:10 PM


'സ്വപ്നയെ നിയമിച്ചത് പ്ലേസ്മെന്‍റ് ഏജൻസി വഴി; ഒരു തട്ടിപ്പിലും സര്‍ക്കാരിന് ബന്ധമില്ല' - മുഖ്യമന്ത്രി



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള സ്വപ്നാ സുരേഷിന്‍റെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായോ ഐ ടി വകുപ്പുമായോ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലേസ്മെന്‍റ് ഏജൻസി വഴിയായിരുന്നു നിയമനം. ഇവരെ ജോലിക്കെടുത്തതിൽ ഒരു അസ്വാഭാവികതയുമില്ലെന്നും സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ലെന്നും കസ്റ്റംസ് അന്വേഷണത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നൽകുമെന്നും വെർച‌്വൽ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.


വിമാനത്താവളത്തിലെ കള്ളക്കടത്തില്‍ സര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്. പാഴ്സല്‍ വന്നത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. കോണ്‍സുലേറ്റിന്‍റെ അധികാര പത്രം ഉപയോഗിച്ചാണ് ക്രമക്കേട് നടന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്‍റെ ഏതു റോളാണ് ഇവിടെ വരുന്നത്" - മുഖ്യമന്ത്രി ചോദിച്ചു.


ഒരു പ്രോജക്ടിന്‍റെ മാര്‍ക്കറ്റിങ് ചുമതലയാണ് സ്വപ്നയ്ക്കുണ്ടായിരുന്നത്. സ്വപ്നയെ ജോലിക്കെടുത്തത് പ്രോജക്ട് മാനേജ്മെന്‍റ് നേരിട്ടല്ല. ഇത്തരം പ്രോജക്ടുകളില്‍ താല്‍കാലികനിയമനം നടത്തുന്നതില്‍ അസ്വാഭാവികതയില്ല. സ്വപ്നയുടെ പ്രവര്‍ത്തനപരിചയം കണക്കാക്കിയിട്ടുണ്ടാവും. സര്‍ക്കാരിന് പങ്കില്ല. യുഎഇ കോണ്‍സുലേറ്റിലേയും എയര്‍ ഇന്ത്യ സാറ്റ്സിലേയും പരിചയം കണക്കിലെടുത്തുകാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സ്വപ്നയെ കുറിച്ച് സര്‍ക്കാരിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇപ്പോൾ ഉയര്‍ന്നുവന്ന ആരോപണങ്ങളുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കില്ല. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K