29 October, 2020 08:15:29 PM


ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല: മുഖ്യമന്ത്രി




തിരുവനന്തപുരം: തന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ ആരോപണങ്ങളും നിയമനടപടികളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ ആക്രമണവുമായി വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്തികളെ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച്‌ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞ് പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ശിവശങ്കറെ നിയമിച്ചതെന്ന വാദം തെറ്റാണെന്നും പാര്‍ട്ടി അത്തരത്തില്‍ നിര്‍ദേശിക്കാറില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നും പറഞ്ഞു. ഇവിടെ മുന്‍ കാലങ്ങളിലേത് പോലെ നിയമത്തിന് അതീതമായി മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അവിടെയാണ് മുന്‍ യുഡിഎഫ് സര്‍ക്കാരും ഈ എല്‍ഡിഎഫ് സര്‍ക്കാരും തമ്മില്‍ അഴിമതിയോടുള്ള സമീപനത്തിലെ കാതലായ വ്യത്യാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മുഖ്യമന്ത്രിയുടെ വാക്കുകള്‍


"നമ്മള്‍ കാണേണ്ടത് അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനു പിറകേ ഒന്നായി ഉന്നയിച്ച്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമ നടപടികളെ തമസ്കരിക്കാം എന്ന വ്യാമോഹമാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച്‌ സര്‍ക്കാരിന് മേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞ് പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


ഇന്നലത്തെ സംഭവ വികാസങ്ങള്‍ക്കിടയില്‍ അതിന്റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍ ഒരു കാര്യം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയാണ്. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചു വാഴിക്കുകയില്ല. ജനങ്ങളെ തെറ്റായ പ്രചാരണങ്ങലെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മുതലാണ് ഈ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിനുള്ളില് ഒളിപ്പിച്ച്‌ വന്ന 14 കിലോയോളം സ്വര്‍ണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഗനമാണ്. കസ്റ്റംസ് ഇന്ത്യന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ ഏഴിലെ യൂണിയന്‍ ലിസ്റ്റിലെ വിഷയമാണ്. മറ്റൊരര്‍ത്ഥത്തില്‍ രാജ്യാതിര്‍ത്തി കടന്ന് വരുന്ന സാധന സാമഗ്രികള്‍ക്ക് നിയമപ്രകാരമുള്ള ഡ്യൂട്ടി അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച്‌ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്റെ ധന മന്ത്രാലയത്തിനാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. ഇതില്‍ കോണ്‍സുല്‍ ജനറല്‍ കാര്യാലയുമായി ബന്ധപ്പെട്ട ചിലരെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ഇതില്‍ ഒരു പ്രതിയുമായി കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും സേവനമനുഷ്ടിച്ച്‌ വന്ന ശിവശങ്കറിനെ അടുപ്പമുണ്ടായിരുന്നെന്ന് കണ്ടത്തിയപ്പോള്‍ തന്നെ പദവിയില്‍ നിന്ന് മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വകുപ്പ് തല അന്വേഷണവും നടക്കുന്നുമുണ്ട്. ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ളതായി ഒന്നുമില്ല.

ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടക്കാതെ കൊണ്ടുവന്ന സ്വര്‍ണം വിട്ടുകിട്ടാനായി സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി എന്നാണ്. ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടന്നു വരവേ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സ്വര്‍ണം വിട്ട് കിട്ടാനായി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിക്കുകയുമുണ്ടായി. ഇല്ല എന്ന മറുപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ രായ്ക്ക് രാമാനം അതിര്‍ത്തി കടത്തി വിട്ടത് ഒരു ചര്‍ച്ചാ വിഷയായതേയില്ല.


രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതി വെട്ടിപ്പിള്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന അഭിപ്രായം പൊതു സമൂഹത്തിലും കേന്ദഗ്ര സര്‍ക്കാരിന് മുന്നിലും ബോധിപ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. രാജ്യത്തിന്റെ സമ്ബദ് ഘടനയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായി അന്വേഷണം സംസ്ഥാനം ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായ സഹകരണവും നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂലൈ എട്ടിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.


അഴിമതിയും നികുതി വെട്ടിപ്പും സാമ്ബത്തിക കുറ്റങ്ങളും എന്ത് വിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിന്. ഇതിനായി, നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച്‌ കേസെടുക്കുകയും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവരെ കോടതിക്ക് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ മുന്‍ കാലങ്ങളിലേത് പോലെ നിയമത്തിന് അതീതമായി മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അവിടെയാണ് മുന്‍ യുഡിഎഫ് സര്‍ക്കാരും ഈ എല്‍ഡിഎഫ് സര്‍ക്കാരും തമ്മില്‍ അഴിമതിയോടുള്ള സമീപനത്തിലെ കാതലായ വ്യത്യാസം.


സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നപ്രഭ സുരേഷ് സ്പേസ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവംപുറത്ത് വന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റി ഉയര്‍ന്ന അരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതില്‍ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയില്‍ കെട്ടിവക്കാനാണ് പ്രതിപക്ഷവും മറ്റു പലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷം കെട്ടി എഴുന്നള്ളിക്കുകയാണ്.


ഇപ്പോള്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവര്‍ വിവിധ കേസുകള്‍ ന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്നാണ് സര്‍ക്കാരിന്. ഇതില്‍ ഒരു ഏജന്‍സി, സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെന്ന പേരില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കോടതി മുന്‍പാകെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിന് നിയമോപദേശം തേടേണ്ടിവന്നു. ലഭ്യമായ നിയമോപദേശം സംസ്ഥാന സര്‍ക്കാരിന്റെ ലേഫ് മിഷന്‍ ഇക്കാര്യത്തില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല എന്നാണ്. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തതും ഇടക്കാല ഉത്തരവില്‍ ലൈഫ് മിഷനെതിരായ അന്വേഷണം കോടതി സ്റ്റേ ചെയ്തതും.


ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അടക്കം ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്റെ പരിധിവിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ മാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതില്‍ എന്ത് പാകപ്പിഴയാണുള്ളതെന്ന് ആര്‍ക്കും ഇതേവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് ശിവശങ്കറിനെ പരിചയമില്ല. അധികാരമേറ്റപ്പോള്‍ ചുമതലകള്‍ നല്‍കാനുള്ള ഉദ്യോഗസ്ഥരെ പരിഗണിച്ചപ്പോളാണ് ആ പേര് വന്നത്. മുന്‍ സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവഷങ്കറെ പരിിഗണിച്ചു. പ്രമോഷന്‍ വന്നപ്പോഴാണ് അദ്ദേഹത്തിന് പദവി ലഭിച്ചത്. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ശിവശങ്കറെ നിയമിച്ചതെന്ന വാദം തെറ്റാണ്. പാര്‍ട്ടി അത്തരത്തില്‍ നിര്‍ദേശിക്കാറില്ല. ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K