25 September, 2021 01:21:06 PM


ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ ഇടതുപക്ഷം ഭരിക്കില്ല; മന്ത്രി വാസവൻ



കോട്ടയം: ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ ഇടത്പക്ഷം അധികാരത്തിൽ എത്തില്ലെന്ന് സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ. കോട്ടയം നഗരസഭയിൽ  ബിജെപിയുടെ ഒരാളെങ്കിലും പിന്തുണച്ചാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുമെന്നും, ജനവിധി അട്ടിമറിച്ച് കോട്ടയം നഗരസഭാ ഭരണം ആദ്യം പിടിച്ചത് യുഡിഎഫ് ആണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

ബിജെപിയുടെയോ, എസ്.ഡി.പി.ഐ യുടെയോ പിന്തുണ ഒരിടത്തും സ്വീകരിക്കില്ല എന്നത് പ്രഖ്യാപിത നയമാണ്. അതിൽ മാറ്റമുണ്ടാകില്ല. ജനവിധി അട്ടിമറിച്ച് കോട്ടയത്ത് ഭരണം പിടിച്ചത് യുഡിഎഫായിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയെ ചാക്കിട്ട് പിടിച്ചാണ് യുഡിഎഫ് ഇതുവരെ നഗരസഭ ഭരിച്ചതെന്നും വി.എൻ വാസവൻ  കോട്ടയത്ത്‌ പ്രതികരിച്ചു.

കോട്ടയം നഗരസഭയിൽ 20 കൊല്ലം നീണ്ട യുഡിഎഫ് ഭരണത്തിനാണ് വെള്ളിയാഴ്ച നടന്ന അവിശ്വാസ പ്രമേയത്തിലൂടെ അവസാനമായത്. ഇടതുമുന്നണി കൊണ്ടുവന്ന  അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും അടക്കം 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.  ഇതോടെ യുഡിഎഫ് വിമതയായി മത്സരിച്ച് പിന്നീട് യുഡിഎഫ് പിന്തുണയിൽ അധികാരത്തിലെത്തിയ ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പുറത്തായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K