20 December, 2025 06:17:06 PM


ഏഴാം തവണത്തെ സത്യപ്രതിജ്ഞയ്ക്ക് റെഡിയായി ജോസ്‌മോന്‍



കോട്ടയം : ഏഴാം തവണത്തെ സത്യപ്രതിജ്ഞയ്ക്ക് റെഡിയായി ജോസ്‌മോന്‍. ത്രിതല പഞ്ചായത്തുകള്‍ രൂപം കൊണ്ടതിനുശേഷം നടന്ന 95-ലെ തെരഞ്ഞെടുപ്പുകള്‍ മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്ത് ഏഴാം തവണ സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങുകയാണ് കുറവിലങ്ങാട് ഡിവിഷന്റെ നിയുക്ത മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍.

21-ാമത്തെ വയസ്സില്‍ കൊഴുവനാല്‍ പഞ്ചായത്തിലെ അന്നത്തെ ഏഴാം വാര്‍ഡില്‍ നിന്നാണ് ജോസ്‌മോന്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പിന്നീട് 2000-ലും 2005- ലും ഗ്രാമപഞ്ചായത്തിലേക്കും 2010-ല്‍ ഏറ്റൂമാനൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്കും 2015-ല്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലേക്കും 2020 ല്‍ കിടങ്ങൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്കുമാണ് ഇതിനുമുമ്പ് മത്സരിക്കുകയും വിജയി ആകുകയും ചെയ്തത്. ഇത്തവണ കുറവിലങ്ങാട് ഏഴാമത്തെ അങ്കത്തിനായി ജോസ്‌മോന്‍ ഇറങ്ങിയപ്പോള്‍ കോട്ടയം ജില്ലയില്‍ ജോസ്‌മോന്‍ മാത്രമാണ് അഭൂതമാത്രമായ നേട്ടത്തിന് അര്‍ഹത നേടിയത് ജോസ്‌മോന്‍ മാത്രമാണ്. സംസ്ഥാനത്തുതന്നെ വളരെ വിരളം  ജനപ്രതിനിധികളാണ് കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് വിജയിച്ച് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. 

കഴിഞ്ഞ തവണ എല്‍.ഡി.എഫ്. ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ച കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് ജോസ്‌മോന്റെ രംഗപ്രവേശനത്തോടുകൂടെ യു.ഡി.എഫ്. അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചത്. ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച കാലഘട്ടങ്ങളിലെല്ലാം മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍കൊണ്ടും ജോസ്‌മോന്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. ഓരേ സമയം ജനപ്രതിനിധിയായിട്ടുള്ള പ്രവര്‍ത്തനങ്ങളും അതേ സമയത്ത് ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും ജോസ്‌മോന്റെ സജീവസാന്നിദ്ധ്യം ഉണ്ട്. കൊഴുവനാല്‍ പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ സ്വദേശിയായ ജോസ്‌മോന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ പൊതുരംഗത്തും സാമൂഹ്യരംഗത്തും വളരെ സജീവസന്നിദ്ധ്യമാണ്. 

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പിനെയാണ് ജോസ്‌മോന്‍ ഇക്കുറി നേരിട്ടത്. ഈ തെരഞ്ഞെടുപ്പില്‍ നാലായിരത്തില്‍പ്പരം വീടുകള്‍ ഡിവിഷനില്‍ ഒട്ടാകെ കയറിയും ജോസ്‌മോന്‍ ജനശ്രദ്ധ നേടിയിരുന്നു. ജോസ്‌മോന്റെ പ്രചരണത്തിനൊപ്പം ഭാര്യ ജെന്‍സി ജോസ്‌മോനും മകന്‍ ജെഫിന്‍ ജോസ്‌മോനും മറ്റു കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പ് രംഗത്ത് വളരെ സജീവസാന്നിദ്ധ്യമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K