30 December, 2025 09:50:40 AM
പുതുവർഷത്തെ വരവേൽക്കാൻ വടവാതൂരിൽ കൂറ്റൻ പാപ്പാഞ്ഞി

കോട്ടയം : 2026 നെ വരവേൽക്കാൻ കൂറ്റൻ പാപ്പാഞ്ഞിയുമായി കോട്ടയം കാർണിവൽ. പുതു വർഷത്തെ വരവേൽക്കാനൊരുങ്ങി കോട്ടയം മോസ്ക്കോ വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കോട്ടയംകാർണിവലിനുള്ള ഒരുക്കങ്ങൾ സജീവം. ഏകദേശം 50 അടിയിലധികം ഉയരത്തിലുള്ള കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2026 വരവേൽക്കുന്നത്. ഇതിനായി മീനന്തറയാറിൻ്റെ സമീപമുള്ള പാടശേഖരത്തിൽ പാപ്പാഞ്ഞി നിർമ്മാണം പുരോഗമിക്കുകയാണ്.
ഡിസംബർ 31 ന് വൈകിട്ട് 7 മുതൽ കലാപരിപാടികൾ, ഗാനമേള, ഡി.ജെ പാർട്ടി, ആകാശ വിസ്മയം എന്നിവയോടെയാണ് ഇക്കൊല്ലവും വടവാതൂർ മോസ്കോ ബണ്ട് റോഡിൽ കാർണിവൽ ഒരുങ്ങുന്നത്. കോട്ടയം ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ശ്രദ്ധ നേടുന്ന വടവാതൂർ ബണ്ട് റോഡിൻ്റെ സൗന്ദര്യ കാഴ്ചകളും കാർണിവൽ ആഘോഷത്തിൻ്റെ ഹൈലൈറ്റാണ്. വിജയപുരം ഗ്രാമപഞ്ചായത്തിൻ്റെ മീനന്തറ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് കോട്ടയം കാർണിവൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
പതിനയ്യായിരം ആളുകളെയാണ് ഇത്തവണ സംഘാടകർ പ്രതീഷിക്കുന്നതെന്നും, സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കാർണിവൽ ഉദ്ഘാടനം ചെയ്യുമെന്നും സൊസൈറ്റി പ്രസിഡൻ്റും, വിജയപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ മെമ്പറുമായ വി.റ്റി സോമൻ കുട്ടി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ലിബി ജോസ് ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു.
ബാരിക്കേഡ് ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അഞ്ഞൂറംഗ വോളൻഡിയർമാരും പോലീസ്, ഫയർ ഫോഴ്സ് , സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ബ്ലോക്കും കാർണിവല്ലിനായി ക്രമീകരിച്ചിട്ടുണ്ട്.






