07 December, 2021 04:27:53 PM


'ഇരട്ട ചങ്കന് എന്ത് പറ്റി? പ്രായത്തിന്‍റെ പ്രശ്നമാണോ?'; പരിഹാസവുമായി പി.സി. ജോർജ്



കോട്ടയം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സ്വീകരിക്കുന്ന നിലപാടുകൾ ചൂണ്ടിക്കാട്ടി പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി. ജോർജിന്‍റെ വാർത്താസമ്മേളനം. അർദ്ധരാത്രിയിൽ അറിയിപ്പുകൾ ഒന്നുമില്ലാതെ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്ന തമിഴ്നാട് നിലപാട് അംഗീകരിക്കാനാവില്ല എന്ന് പി.സി. ജോർജ് പറഞ്ഞു. 

കഴിഞ്ഞയാഴ്ച ഡാം തുറന്ന് വിട്ടപ്പോൾ ജനങ്ങൾ വൻതോതിൽ പ്രതിസന്ധിയിലായി. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചത്. അറിയിപ്പ് കൂടാതെ ഡാം തുറന്നു വിടരുത് എന്നായിരുന്നു പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടത്. അതിനു പിന്നാലെ വീണ്ടും മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നത് ചൂണ്ടിക്കാട്ടിയാണ് പി.സി. ജോർജ് രംഗത്ത് വന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതിനു മുൻപ് എട്ടു ഷട്ടറുകളാണ് മുല്ലപ്പെരിയാറിൽ തുറന്നത്. എന്നാൽ മുഖ്യമന്ത്രി കത്ത് അയച്ചതോടെ മുന്നറിയിപ്പില്ലാതെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം പത്തായി എന്ന് പി.സി. ജോർജ് പരിഹസിച്ചു. പിണറായി വിജയൻ നാണംകെട്ട മുഖ്യമന്ത്രിയാണെന്നും പി.സി. ജോർജ് ആരോപിച്ചു. 

സ്റ്റാലിന്‍റെ പിന്നാലെ നടക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. സ്റ്റാലിൻ മൈൻഡ് ചെയ്യുന്നില്ല എന്നും പി.സി. ജോർജ് പരിഹസിച്ചു. ചർച്ച നടത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിന് പ്രതികരണം നടത്താൻ സ്റ്റാലിൻ തയ്യാറായില്ല. തുടർന്ന് അങ്ങോട്ട് പോയി ചർച്ച നടത്താമെന്ന് പിണറായി വിജയൻ പറയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

ഇരട്ട ചങ്കന് എന്തുപറ്റി? പ്രായത്തിന്‍റെ പ്രശ്നം പിണറായി വിജയനെ അലട്ടിയിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും പി.സി. ജോർജ് പറയുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ വഴുവഴുപ്പൻ നിലപാട് മാറ്റണം. പുതിയ ഡാം പണിയാൻ കേരളം തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നോക്കിയിരുന്നാൽ ഇനി പറ്റില്ല. ജനങ്ങളുടെ സുരക്ഷ ഇവിടെ വളരെ പ്രധാനമാണ്. ഡാം പൊട്ടി കടലിൽ വെള്ളം എത്തിയാൽ സുനാമി ഉണ്ടാകും എന്നും അത് മറ്റ് സ്ഥലങ്ങളിലെ ജന ജീവിതങ്ങളെ ബാധിക്കുമെന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടുന്നു.

പിണറായി സർക്കാരിൽ മന്ത്രിമാർക്ക് യാതൊരു ചുമതലയും ഇല്ലായെന്ന് പി.സി. ജോർജ് പരിഹസിച്ചു. പിണറായി വിജയനും മകളുടെ കെട്ടിയവനും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, റോഷി ഉൾപ്പെടെ മന്ത്രിമാർക്ക് റോൾ ഇല്ല എന്നും പി.സി. ജോർജ് ആരോപിച്ചു. മുല്ലപ്പെരിയാർ മരംമുറി വിഷയത്തിലടക്കം ഇക്കാര്യങ്ങൾ വ്യക്തമായതാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വനം മന്ത്രി എ.കെ. ശശീന്ദ്രനും ഒന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്. ഈ മന്ത്രിമാർ അപ്പോൾ തന്നെ രാജി വെച്ച് പുറത്തു പോവുകയാണ് ചെയ്യേണ്ടിയിരുന്നത് എന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഇടപെടാൻ ഫെഡറൽ സംവിധാനത്തിൽ പരിമിതി ഉണ്ട് എന്നും പി.സി. ജോർജ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K