01 July, 2022 08:32:57 PM


'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു'; മുഖ്യമന്ത്രിക്കെതിരേ മാത്യു കുഴൽനാടന്‍റെ അവകാശലംഘന നോട്ടീസ്



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ മെന്‍റര്‍ ആണെന്ന് വ്യക്തമാക്കിയിരുന്നത് മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഈ ഭാഗം പിന്നീട് കമ്പനിയുടെ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍, അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി 'മാത്യു കുഴല്‍ നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി മെന്‍റര്‍ ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് 'എന്നും പൊട്ടിത്തെറിച്ചു. എന്നാല്‍, പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു.

സഭയിലെ വാഗ്വാദങ്ങളുടെ പശ്ചാത്തലത്തില്‍ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരേ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നോട്ടിസ് നല്‍കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K