26 December, 2025 02:27:55 PM
തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയര്‍ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസും നിജിക്ക് വോട്ടു ചെയ്തു. യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്. യുഡിഎഫ് 35, എൽഡിഎഫ് 13, ബിജെപി .8 സീറ്റുകളുമാണ് നേടിയത്.
വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ളത്. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ നിജിക്ക് 35 വോട്ടുകളാണ് ലഭിച്ചത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിന്‍ ഗൈനക്കോളജിസ്റ്റു കൂടിയാണ്.
മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നയിരുന്നു ഗുരുതര ആരോപണ. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്നും ലാലി ആരോപിച്ചിരുന്നു.
തൃശ്ശൂർ നഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി പിങ്ക് ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിൻ പറഞ്ഞു.








