10 September, 2017 10:21:33 PM


ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ എത്താത്ത താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം



കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്ത സിനിമാ താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷണിച്ച താരങ്ങള്‍ പോലും പങ്കെടുക്കാത്ത അവസ്ഥ ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. മധുവും ഷീലയും മഞ്ജു വാര്യരേയും പ്രത്യേകം ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരാരും തന്നെ ചടങ്ങിന് എത്തിയില്ല. ആദരം ഏറ്റുവാങ്ങാന്‍ ക്ഷണിക്കപ്പെട്ട ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും എത്തിയില്ല.


അവാര്‍ഡ് ലഭിച്ചവര്‍ മാത്രം ഈ ചടങ്ങിന് എത്തിയാല്‍ പോരാ എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ചടങ്ങ് നടക്കുമ്പോള്‍ മലയാള സിനിമയുടെ പരിച്ഛേദം ഉണ്ടാകേണ്ടതാണ്. അതിന് പ്രത്യേകം ആരും ക്ഷണിക്കേണ്ടതില്ല. പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള മനസുണ്ടാകണം. വരികയെന്നത് ഒരു വികാരമായി കാണണം. ചടങ്ങിനെത്തിയത് പുരസ്‌കാര ജേതാക്കളും അതുമായ ബന്ധപ്പെട്ടവര്‍ മാത്രമാണെന്നും പിണറായി പറഞ്ഞു.


ഇത്തവണ ഒസ്‌കാര്‍ നേടിയ സിനിമയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച സിനിമയും ഒരേ രാഷ്ട്രീയം സംസാരിച്ചവയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കറുത്തവരേയും അടിച്ചമര്‍ത്തപ്പെട്ടവരേയും ദളിതരേയും കഥകളുടെ ആവിഷ്‌കാരങ്ങള്‍ക്കാണ് അവാര്‍ഡുകള്‍. മാന്‍ഹോള്‍, ഒറ്റയാള്‍പ്പാത, കമ്മട്ടിപ്പാടം, കറുത്ത ജൂതന്‍, ആറടി എന്നീ ചിത്രങ്ങളെ ഉദാഹരണങ്ങളിലൂടെ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.


നാല്‍പ്പത്തേഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വിനായകനും നടിക്കുള്ള പുരസ്‌കാരം രജീഷ വിജയനും സംവിധായികയ്ക്കുള്ള പുരസ്‌കാരം വിധു വിന്‍സെന്റും ഏറ്റുവാങ്ങി. 

ഫാസിസം സാംസ്‌കാരിക മേഖലയെ പോലും കീഴപ്പെടുത്തുന്ന വര്‍ത്തമാന കാലത്തില്‍ പുരോഗമന ആശയങ്ങളുള്ള സിനിമകളിലൂടെ അത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സിനിമയിലെ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ എത്താതിരുന്ന മലയാളത്തിലെ പ്രമുഖ താരങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. മലയാള സിനിമ യ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ മുഖ്യമന്ത്രി  ആദരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K