04 March, 2016 03:36:16 AM


എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ അഞ്ചു സിനിമകൾ മാര്‍ച്ച് 6ന്

കൊച്ചി : കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് ആറാം തീയതി ഞായറാഴ്ച വൈകുന്നേരം 3.30 മണി മുതൽ എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ അഞ്ചു സിനിമകൾ പ്രദർശിപ്പിയ്ക്കും. 

മലയാളത്തിലെ സമാന്തര ജനകീയ സിനിമാ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായിരുന്ന ശ്രീ. ഒഡേസ സത്യൻറെ അവസാനത്തെ  ഡോക്യുമെന്ററിയായ "ഹോളി കൌ (വിശുദ്ധ പശു)" 3.30 മണിയ്ക്ക് പ്രദർശിപ്പിയ്ക്കുന്നു.  സത്യന് പൂർത്തീകരിയ്ക്കാൻ കഴിയാതിരുന്ന ഈ സിനിമ സത്യന്റെ മകൾ സാന്ദ്രയും സത്യൻ ഒഡേസ അനുസ്മരണ സമിതിയുമാണ്‌ പൂർത്തിയാക്കിയത്. ഗോവധ നിരോധനം പോലുള്ള പ്രശ്നങ്ങളുടെ വിവിധ വശങ്ങളാണ് ഈ ചിത്രം ചർച്ചയ്ക്ക് വെയ്ക്കുന്നത്. 


4.30 നു  പ്രമുഖ ക്യാമറാമാനും സംവിധായകനുമായ ശ്രീ. പ്രതാപ് ജോസഫിന്റെ പരീക്ഷണ ചിത്രമായ "കുറ്റിപ്പുറം പാലം" എന്ന ചിത്രത്തിന്റെ പ്രദർശനം. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്തിരിയ്ക്കുന്ന 78 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ ഡയലോഗുകളും മ്യുസിക്കും ഇല്ല. 


6 മണിയ്ക്ക് കൊച്ചിൻ ഫിലിം സൊസൈറ്റി അംഗവും സംവിധായകനുമായ ശ്രീ. റാം പാർഥൻ സംവിധാനം ചെയ്ത "ഘർ വാപസി" എന്ന 23 മിനുട്ട് ദൈർഘ്യമുള്ള ചിത്രം പ്രദർശിപ്പിയ്ക്കുന്നു. പേജ് സെവൻ ക്രിയേഷൻസിന്റെ ബാനറിൽ ലിൻസൺ നിർമ്മിച്ച  ഈ ചിത്രം തെരുവുകളിൽ നിന്നും തെരുവുകളിലെയ്ക്ക് ചൂഷണ വിധേയരായി എത്തപ്പെടുന്ന ജീവിതങ്ങളുടെ കഥയാണ്. ബാല്യകൌമാരങ്ങളിൽ ലൈംഗിക ചൂഷണത്തിനിരയായും യൌവനത്തിൽ ജീവിതാഭിലാഷങ്ങൾ നഷ്ടപ്പെട്ട് പെൺവാണിഭ സംഘത്തിലകപ്പെട്ടും ലൈംഗിക തൊഴിലാളിയായി മാറി തെരുവിലേയ്ക്കെത്തിച്ചേരുന്ന  കമലയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

6.30 ന്‌ എറണാകുളത്തെ അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ്‌ സയൻസിലെ, വിഷ്വൽ മീഡിയ ആൻഡ്‌ കമ്മ്യുണിക്കേഷൻ എം.എഫ്.എ. വിദ്യാർഥികൾ നിർമ്മിച്ച ചിത്രമായ "പൂ വിരിയുന്നു പൂ കൊഴിയുന്നു"  എന്ന ചിത്രം പ്രദർശിപ്പിയ്ക്കുന്നു. സുഭാഷ് പാർക്കിലെ  നാശോന്മുഖമായിക്കൊണ്ടിരിയ്ക്കുന്ന ശിൽപ്പങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രമാണിത്.   

6.45 നു പ്രശസ്ത കവി ശ്രീ. ആറ്റൂർ രവിവർമ്മയുടെ സർഗജീവിതത്തെ ആസ്പദമാക്കി കവി കൂടിയായ   ശ്രീ.അൻവർ അലി സംവിധാനം ചെയ്ത 'മറുവിളി ' എന്ന  ഡോക്യുമെന്ററിയുടെ  പ്രദർശനം. ആധുനിക മലയാള കവിതയെ തന്റേതായ രീതിയിൽ പുനർ നിർവചിച്ച കവിയായ ആറ്റൂർ നടന്ന വഴികളും, നാട്ടിടങ്ങളും, വ്യക്തികളും, സഹകവികളും, പിന്നാലെ വന്ന കവികളും ഒക്കെ ഇവിടെ  കവിയുടെ ജീവിതം അടയാളപ്പെടുത്തുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ  ഡോക്യുമെന്ററി നിർമ്മിച്ചിരിയ്ക്കുന്നത്. 

സംവിധായകരുമായുള്ള മുഖാമുഖവും ചർച്ചയും പ്രദർശനങ്ങൾക്ക്  ശേഷം ഉണ്ടായിരിയ്ക്കും. കൊച്ചിൻ ഫിലിം സൊസൈറ്റിയിൽ അംഗത്വം എടുക്കുവാനുള്ള സൗകര്യം തിയറ്ററിൽ ഉണ്ടായിരിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് -  സെക്രട്ടറി, 9605367450 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K