06 March, 2016 09:47:17 PM


പ്രമുഖ ചലച്ചിത്ര താരവും ഗായകനുമായ കലാഭവന്‍ മണി അന്തരിച്ചുകൊച്ചി : നടൻ കലാഭവൻ മണി അന്തരിച്ചു. 45 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തിൻെറ മരണം ഞായറാഴ്ച വൈകീട്ട് 7.15നാണ് സംഭവിച്ചത്. എന്നാല്‍ ഇന്നലെ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മണി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്ന് പറയുന്നു. മരണകാരണം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ.

ഇന്നു രാവിലെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മണിയെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. രോഗവിവരങ്ങൾ പുറത്തുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കു വിമുഖതയുണ്ടായിരുന്നതായും പറയുന്നു. ഇതിനാലാണത്രേ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്. ഇന്ന് രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം എപ്പോഴായാലും ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ചാലക്കുടി ചേനത്തുനാട്  കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌ത് ദക്ഷിണേന്ത്യയിലെ പ്രമുഖ താരമായി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്‌തതനിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകർക്കു പ്രിയങ്കരനായി. മലയാള സിനിമയ്‌ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്‌ത കലാഭവൻ എന്ന മഹത്തായ സ്‌ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ഇന്ന് ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്‌തികളിലൊരാളായിരുന്നു.

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ചെറിയവേഷങ്ങൾ ചെയ്‌താണ് മണി ഉയരങ്ങളിലെത്തിയത്. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി.  വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രമാണ് മണിയെ നായകനിരയിലേക്കുയർത്തിയത്. അന്ധഗായകനായ രാമു എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങളും മണിക്ക് ലഭിച്ചു.

ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്‌ചാത്തലത്തിൽ നിന്നുമാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. കൂലിപ്പണി ചെയ്‌തു പിതാവ് രാമൻ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെ പോറ്റുവാൻ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ അനുകരണകല മണിയുടെ തലയ്‌ക്കു പിടിച്ചിരുന്നു.  1987-ൽ കൊല്ലത്തു നടന്ന സംസ്‌ഥാന സ്‌കൂൾ യുവജനോൽസവത്തിൽ മോണോ ആക്‌ടിൽ  ഒന്നാമനാകുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി. അനുകരണകലയിൽ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യം അകറ്റാൻ പിന്നീട് ഈ കലയും ഉപയോഗിച്ചു തുടങ്ങി. സ്‌കൂൾ പഠനം തീരാറായപ്പോൾ ഓട്ടോ ഓടിക്കുവാൻ പഠിച്ച മണി പകൽ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആർട്ടിസ്‌റ്റുമായി. കേരളത്തിലെ പല ട്രൂപ്പുകൾക്കുവേണ്ടിയും മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയിൽവച്ചു പരിചയപ്പെട്ട പീറ്ററാണ് മണിയെ കലാഭവനുമായി ബന്ധിപ്പിച്ചത്.


ഇടയ്‌ക്കു വിനോദശാല എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കാൻ പോയതിനാൽ കലാഭവനുമായുളള ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്‌ടപ്പെട്ടതോടെ അഭിനയരംഗത്ത് ശ്രദ്ധിക്കുവാനുളള തീരുമാനമെടുത്താണ് മണി സിനിമാക്കാരെ സമീപിച്ചു തുടങ്ങിയത്. നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയായിരുന്നു കലാഭവൻ മണി. മണി അഭിനയിച്ച മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവായിരുന്നു. മണിയുടെ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസു ചെയ്‌തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ സെറ്റുകൾ ശ്രദ്ധേയമാണ്. പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുൾപ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകൾക്കു മണി പാടിയിട്ടുണ്ട്.


ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തി. വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങള്‍  അവതരിപ്പിച്ചു. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി തുടങ്ങി അനേകം ചിത്രങ്ങളിൽ  നായകനായി. ജെമിനി, ബന്താ പരമശിവം , മറുമലർച്ചി, വാഞ്ചിനാഥൻ എന്നീ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മുരിങ്ങൂർ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകള്‍ നിമ്മിയാണ് മണിയുടെ ഭാര്യ. വാസന്തിലക്ഷ്‌മിയെന്നാണ് ഏകമകളുടെ പേര്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K