31 January, 2019 05:24:34 PM


ഐ. എസ് ആര്‍.ഒയിലെ അത്ഭുതങ്ങള്‍ നുകര്‍ന്ന് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍



കോട്ടയം: അപ്രതീക്ഷിതമായാണ് ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എസ്. ആര്‍. ഒ യിലേക്ക് വിനോദ യാത്ര പോകാന്‍ അവസരം ലഭിക്കുന്നത്. ഇത് വരെ കേട്ട് മാത്രം പരിചയിച്ച ഉപഗ്രഹങ്ങളും റോക്കറ്റുകളും ബഹിരാകാശ പേടകങ്ങളുടെ മോഡലുകളുമൊക്കെ നേരിട്ട് കണ്ടതിന്‍റെ സന്തോഷത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍. പഠനയാത്ര കോട്ടയം സബ് കളക്ടര്‍ ഈശപ്രിയയാണ് ഫ്ലാഗ്ഓഫ് ചെയ്തത്. 

സ്‌പെയ്‌സ് മ്യൂസിയത്തിന്‍റെ വാതില്‍ കടന്ന് അകത്തേക്കെത്തിയപ്പോള്‍ ബഹിരാകാശത്തേക്കെത്തിയ പ്രതീതിയായിരുന്നു ഓരോ വിദ്യാര്‍ത്ഥിയുടെ മുഖത്തും. ആ അമ്പരപ്പും അത്ഭുതവും ഓരോ കുട്ടിയെയും ശാസ്ത്ര വിസ്മയത്തിന്‍റെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ ആഗ്രഹിച്ചെത്തിയ റോക്കറ്റ് വിക്ഷേപണം കാണാന്‍ സാധിച്ചില്ല എന്നത് കുട്ടികളെ നിരാശപ്പെടുത്തിയെങ്കിലും റോക്കറ്റ് വിക്ഷേപണത്തിന്‍റെ ഓരോ ഘട്ടങ്ങളും വിശദീകരിച്ചും ഇന്ധനം നിറയ്ക്കുന്ന രീതി കാണിച്ച് കൊടുത്തും ഗൈഡ് അവരെ കൈയ്യിലെടുത്തു. റോക്കറ്റ് വിക്ഷേപണത്തിന്‍റെ നാള്‍ വഴികള്‍ വ്യക്തമാക്കുന്ന വീഡിയോ കൂടി കണ്ടതോടെ വിക്ഷേപണം നേരില്‍ കണ്ട അനുഭവമായി അത് മാറി. വിവിധ ഗ്രഹങ്ങളില്‍ അനുഭവപ്പെടുന്ന ഭാരം നോക്കുന്ന തിരക്കിലായി പിന്നീട് വിദ്യാര്‍ത്ഥികള്‍. 

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി  ഐ.എസ്.ആര്‍.ഒയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെയുളള 198 വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരുമാണ് വിനോദയാത്രയില്‍ പങ്കെടുത്തത്. ഐ.എസ്.ആര്‍.ഒ സന്ദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെയ്‌സ് മ്യൂസിയവും റോക്കറ്റ് വിക്ഷേപണവുമൊക്കെ നേരില്‍ക്കണ്ട് മനസ്സിലാക്കാനുള്ള സൗകര്യമാണ് ജില്ലാ ഭരണകൂടം ഒരുക്കി കൊടുത്തത്. ഐ എസ് ആര്‍ ഒ യ്ക്ക് പുറമെ പദ്മനാഭസ്വാമി ക്ഷേത്രവും ശംഖുമുഖം കടപ്പുറവും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന വിദ്യാലയമാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ യാത്രയിലൂടെ പുതിയൊരു അനുഭവാണ് ലഭിച്ചതെന്ന് പ്രധാനധ്യാപകന്‍ ശ്രീധരന്‍ നായര്‍ പറഞ്ഞു. 75,000 രൂപയാണ് പഠനയാത്ര ചെലവ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K